കാസര്‍കോട്: അമ്പലത്തറയിലെ വൃദ്ധ സദനത്തില്‍ നിന്നു കാണാതായ അന്തേവാസിയെ സി.ഐ.ടി.യു നേതാവിന്റെ നേതൃത്വത്തില്‍ കണ്ടെത്തി പൊലീസിനു കൈമാറി. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വൃദ്ധമന്ദിരം അധികൃതരെത്തി അന്തേവാസിയെ കൂട്ടിക്കൊണ്ടു പോയി.
അമ്പലത്തറ സ്‌നേഹാലയത്തില്‍ നിന്നു കര്‍ണ്ണാടക സ്വദേശിയായ അന്തേവാസിയെ മൂന്നു ദിവസം മുമ്പാണ് കാണാതായത്. ഇതു സംബന്ധിച്ച് സ്‌നേഹാലയം അധികൃതര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച രാത്രി നീലേശ്വരം, കരുവാച്ചേരിയില്‍ വച്ചാണ് അന്തേവാസിയെ സി.ഐ.ടി.യു നേതാവ് പ്രദീപനും നാട്ടുകാരും കണ്ടെത്തിയത്. അവശനിലയില്‍ കാണപ്പെട്ട ആളോട് വിവരങ്ങള്‍ ആരാഞ്ഞുവെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് നീലേശ്വരം പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്.ഐ മധുസൂദനന്‍ മടിക്കൈ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, സിവില്‍ പൊലീസ് ഓഫീസറായ പ്രദീപന്‍ എന്നിവര്‍ സ്ഥലത്തെത്തി. അവശനിലയില്‍ കാണപ്പെട്ട ആളെ ചോദ്യം ചെയ്തപ്പോള്‍ അമ്പലത്തറയില്‍ നിന്നു കാണാതായ ആളാണെന്നു വ്യക്തമായി. വിവരമറിഞ്ഞ് സ്‌നേഹാലയം ഡയറക്ടര്‍ ഈശോദാസ് സ്ഥലത്തെത്തി അന്തേവാസിയെ തിരിച്ചറിയുകയും കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു.







