കാസര്‍കോട്: കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ഡോക്ടര്‍മാര്‍ സമരവും പ്രതിഷേധവും ശക്തമാക്കുന്നു. ആഗസ്ത് 17 ന് രാവിലെ 6 മണി മുതല്‍ 18ന് രാവിലെ ആറു മണി വരെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ഐ.എം.എ ആഹ്വാനം ചെയ്തു. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഒ.പി.കളും സ്വകാര്യ ക്ലിനിക്കുകളും ഈ സമയത്ത് പ്രവര്‍ത്തിക്കില്ലെന്ന് ഐ.എം.എ ജില്ലാ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപിക കിഷോറും കണ്‍വീനര്‍ ഡോ. ബി. നാരായണ നായകും അറിയിച്ചു. എന്നാല്‍ കാഷ്വാലിറ്റികള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കണമെന്നും കൊല്‍ക്കത്തയിലെ സംഭവത്തില്‍ കൊലയാളികളെയും ആശുപത്രി അക്രമിച്ച പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഐ.എം.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.