രാജ്യം 78-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍; 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കും: പ്രധാനമന്ത്രി

 

ന്യൂദെല്‍ഹി: 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത രാജ്യമെന്ന ലക്ഷ്യം കൈവരിക്കുന്നതിനു നീണ്ട പരിശ്രമം വേണം. ഓരോ പൗരന്റെയും സ്വപ്‌നത്തില്‍ ആ ലക്ഷ്യം പ്രതിഫലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.നമ്മുടെ കര്‍ഷകരും ജവാന്മാരുമൊക്കെ രാഷ്ട്രനിര്‍മ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയ പുണ്യസ്മരണയ്ക്കു മുന്നില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനു ഉണ്ടായിരുന്നുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘രാജ്യം ഒന്നാമത്’ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യം. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലു പ്രിന്റാണ്. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റു നോക്കുകയാണ്. നിയമരംഗത്ത് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെ എത്തും’-പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഘട്ടിലെത്തി ആദരം അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സഹമന്ത്രിയും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് മൂന്നു സേനകളും ഡല്‍ഹി പൊലീസും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 6000ല്‍പ്പരംപേര്‍ പ്രത്യേക ക്ഷണിതാക്കളായി ചടങ്ങില്‍ പങ്കെടുത്തു. ജമ്മുകാശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലാണ് രാജ്യം 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാതലങ്ങളില്‍ വിവിധ മന്ത്രിമാരും ദേശീയ പതാക ഉയര്‍ത്തി. കാസര്‍കോട്ട് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ദേശീയ പതാക ഉയര്‍ത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page