കാസര്‍കോട്: ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലെ പാണ്ടി, മല്ലം പാറയില്‍ കാട്ടുപന്നിക്ക് വച്ച് കെണിയില്‍ കുരുങ്ങി പുലി ചത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ആരാണ് കുരുക്ക് വച്ചതെന്നതിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിരവധിപേരെ ചോദ്യം ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
വെള്ളിയാഴ്ച രാവിലെയാണ് മല്ലം പാറയിലെ അണ്ണനായ്ക്കിന്റെ റബ്ബര്‍ തോട്ടത്തില്‍ പുലിയെ കെണിയില്‍ കുരുങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉച്ചയോടെ പുലി ചാവുകയും ചെയ്തു. ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ ഗുരുതരമായ പരിക്കാണ് പുലി ചാവാന്‍ ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. മൂന്നു മീറ്ററോളം നീളമുള്ള തടികഷ്ണത്തില്‍ ഇരുമ്പു കേബിള്‍ ഉപയോഗിച്ചാണ് കാട്ടുപന്നിക്ക് കെണിയൊരുക്കിയിരുന്നത്. നെല്‍വയലിനു സമീപത്തു നിന്നാണ് പുലി കുരുക്കില്‍ കുരുങ്ങിയതെന്നും അവിടെ നിന്നും അന്‍പതോളം മീറ്റര്‍ ദൂരേയ്ക്ക് തടികഷ്ണം പുലി വലിച്ചു കൊണ്ടു പോയതായും വനംവകുപ്പ് അധികൃതര്‍ സംശയിക്കുന്നു. ഇവിടെ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പുലി റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കകം പുറത്തുവരുമെന്നാണ് സൂചന.