ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ വീണ്ടും ആരംഭിച്ചു. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. മല്‍സ്യത്തൊഴിലാളികളും രംഗത്തുണ്ട്. രണ്ടു തോണികളുമായി രണ്ടുമണിക്കൂറാണ് ഇന്ന് തെരച്ചില്‍ നടത്തുക. എംഎല്‍എയുടെ നിര്‍ദേശ പ്രകാരമാണ് തിരച്ചില്‍ തുടങ്ങുന്നതെന്നും ഇനിയും കണ്ടെത്താനുള്ള 3 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. നാളെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളും തെരച്ചിലിന് പങ്കെടുക്കും.
ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഇന്നലെ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്.







