കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടാമെന്ന് ഹൈക്കോടതി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹര്‍ജി തള്ളി വിധി പ്രസ്താവിച്ചത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസില്‍ ഹജിക്കാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ ഹര്‍ജിയുമായി സജി പാറയില്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിന് ശേഷം പുറത്തുവരും. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയിലുണ്ടായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്.