ഗംഗാവലി പുഴയിൽ നിന്ന് ഹൈഡ്രോളിക് ജാക്കി ഈശ്വർ മൽപേ മുങ്ങിയെടുത്തു; അര്‍ജുന്റെ ലോറിയിലേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ്; നാളെയും തെരച്ചിൽ തുടരും

 

ബംഗളൂരു : ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഈശ്വര്‍ മല്‍പെ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി.ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയിലേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍ ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്. പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയത്. അത് അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും മനാഫ് പറഞ്ഞു. ജാക്കിക്കൊപ്പം അപടകത്തില്‍ പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നടത്തിയ തെരച്ചിലിൽ മൂന്ന് സാധനങ്ങൾ കണ്ടെടുത്തു. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പരിശോധന ആരംഭിച്ചത്. രണ്ടു മണിക്കൂർ തെരച്ചിലിന് ശേഷം ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. ബുധനാഴ്ച രാവിലെ 8.30ഓടെ തിരച്ചില്‍ ആരംഭിക്കും. കൂടുതല്‍ ആളുകളോടെ സഹായത്തോടെയായിരിക്കും നാളത്തെ തിരച്ചില്‍ നടക്കുക. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയില്‍ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page