ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആനമൂട്ടില്‍ച്ചിറയില്‍ ഡോണ ജോജി(22)യെ ചികില്‍സിക്കുന്ന ഡോക്ടറുടെ മൊഴി പൊലീസ് ശേഖരിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞു ജനിക്കുമ്പോള്‍ കരഞ്ഞിരുന്നുവെന്നു ഡോണ ഡോക്ടറോട് പറഞ്ഞിരുന്നു. ഇനി അറിയേണ്ടത് ഇവര്‍ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം. ചികിത്സയിലുള്ള യുവതി വൈകാതെ ആശുപത്രി വിടും. അതിനു ശേഷം പ്രതികളെ ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പ്രസവ ശേഷം 24 മണിക്കൂറിനുള്ളിലാണ് യുവതി കുഞ്ഞിനെ ആണ്‍ സുഹൃത്തിനു കൈമാറിയത്. അത് വരെ കുഞ്ഞിനെ സണ്‍ഷൈഡില്‍ സ്റ്റെയര്‍ കേസിനു അടുത്തും ഒളിപ്പിച്ചു വെയ്ക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊലീസ് നിഗമനം. അതേസമയം താന്‍ ഗര്‍ഭിണി ആയിരുന്നുവെന്നു യുവാവ് അറിഞ്ഞത് പ്രസവിച്ച ശേഷമായിരുന്നെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞിന്റെ മൃതദേഹം യുവതി ആണ്‍സുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറിയെന്നും ഇയാള്‍ മറ്റൊരു സുഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലില്‍ മൃതദേഹം മറവ് ചെയ്തു എന്നുമാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. ഈ മാസം 6-ആം തിയതിയാണ് ഡോണയുടെ പ്രസവം നടന്നത്. അടുത്തദിവസം ആണ് കുട്ടിയെ കുഴിച്ച് മൂടുന്നത്. വീട്ടുകാരില്‍ നിന്ന് യുവതി വിവരം മറച്ചു വെച്ചു. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതര്‍ കുഞ്ഞിനെ തിരക്കിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഏല്‍പിച്ചു എന്നാണ് ഇവര്‍ പറഞ്ഞത്. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കല്‍ പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പോഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
