കേട്ടിട്ട് അറിയാത്തവര്‍ കണ്ടാല്‍ അറിയും. കണ്ടിട്ടും അറിയാത്തവര്‍ കൊണ്ടാല്‍ അറിയും. ഇത് വെറും പഴഞ്ചൊല്ല്, നമ്മെ സംബന്ധിച്ചെടത്തോളം.
നമ്മുടെ ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍-ബളാല്‍, മുത്തന്‍മല, പരപ്പ, മുണ്ടത്തടം, കോളിയാര്‍, ചീര്‍ക്കയം, ചട്ടമല, കള്ളാര്‍-കരിങ്കല്‍ ക്വാറികള്‍. സ്‌ഫോടനം വഴിയുള്ള ഖനനത്തിന് പാരിസ്ഥിതികാനുമതിയുണ്ടത്രെ. അതിനുപുറമെ, പാമത്തട്ട്, കാരാട്ട്, ഭീമനടി എന്നിവിടങ്ങളില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്നറിയുന്നു. ഇത് ഇവിടെയും നില്‍ക്കുമെന്ന് തോന്നുന്നില്ല. ക്വാറി…ക്വാറി…ക്വാറി…തവളക്കരച്ചിലല്ല. ക്വാറി മാഫിയകളുടെ മുരള്‍ച്ച.
അനുമതിയില്ലാതെ ഖനനം നടത്തിക്കൊണ്ടിരിക്കുന്ന ക്വാറികള്‍ നിരവധി വേറെയുമുണ്ടാകും. ഈ പ്രദേശത്ത്. ഉണ്ടാകും എന്നല്ല ഉണ്ട് എന്ന് തന്നെ പറയണം. നേരറിവുണ്ട് നമുക്ക്. മുന്‍കാലത്ത് അതുണ്ടാക്കിയ വിപത്തുകള്‍ അനുഭവിച്ചവരാണ് തദ്ദേശവാസികള്‍. അവരുടെ മുറവിളിയൊന്നും ആരുടെയും മനസ്സിളക്കുന്നില്ല. ക്വാറികളിലെ കരിങ്കല്ലിനെക്കാള്‍ കടുപ്പമുള്ള മനസ്സാണല്ലോ അവര്‍ക്ക്. ഈ അതിക്രമം തടയാന്‍ ഉത്തരവാദിത്വവും അധികാരവുമുള്ള അധികാരികളോ? ഇപ്പോള്‍ വയനാട്ടില്‍ ഉണ്ടായതിന്റെ മിനിപ്പതിപ്പുകള്‍ക്ക് മുമ്പ് ഒന്നിലേറെ പ്രാവശ്യം സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ളവരാണ് ഇന്നാട്ടുകാര്‍. എന്നിട്ടും ഒന്നും പഠിച്ചിട്ടില്ലെന്നോ?
മറുഭാഗത്തു നിന്നും വരുന്ന ഒരു ചോദ്യം: കരിങ്കല്‍ ഖനനം നടത്താതെ എങ്ങനെയാണ് നാനവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുപേക്ഷണീയമായ നിര്‍മ്മാണ വസ്തുക്കള്‍ ലഭ്യമാക്കുക. റോഡിന് വീതികൂട്ടണം പല മടങ്ങ്. പാലം പണിയണം. റെയില്‍പാളങ്ങളുടെ എണ്ണം കൂട്ടണം. പാളം ഉറപ്പിക്കാന്‍ കരിങ്കല്ല് വേണം. ഫ്‌ളാറ്റുകളും മാളുകളും ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സുകളും പടുത്തുയര്‍ത്തണം. പണ്ടെന്നോ പണിതവയ്ക്ക് യഥാസമയം അറ്റകുറ്റപ്പണിയും കാലോചിതമായ മിനുക്കു പണികളും. ചുറ്റോടുചുറ്റും നടവഴികളും പാര്‍ക്കിംഗ് ഏരിയകളും. തറ ഉറപ്പാക്കണം. എല്ലാറ്റിനും വേണം നേരത്തെ പറഞ്ഞ നിര്‍മ്മാണ വസ്തുക്കള്‍. ആദ്യം കരിങ്കല്ല്. ഖനനം പാടേ വിലക്കിയാലെങ്ങനെ? വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചു പോവില്ലേ?
മുമ്പ് ഒരു മുഖ്യമന്ത്രി പറഞ്ഞത് സൗകര്യപൂര്‍വ്വം മറന്നവരെ ഓര്‍മ്മിപ്പിക്കാനായി ഒരു രേഖയുണ്ട്. സ്രാവുകള്‍ക്കൊപ്പം നീന്തിയ ഒരു ഐപിഎസ് കാരന്റെ സര്‍വീസ് സ്റ്റോറി. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ജനശത്രുവായ ചരിത്രം.(സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍-പേജ് 106. ജേക്കബ് തോമസ്)ലോകം മുകളിലോട്ട് കുതിച്ചുവരുമ്പോള്‍ നമ്മുടെ നാട് താഴെ തന്നെ നില്‍ക്കണമെന്നോ? എന്ന് പത്രസമ്മേളനം നടത്തി ശാസിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭ പാസാക്കിയിട്ടുള്ള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ബഹുനിലകെട്ടിടങ്ങള്‍ കണ്ടമാനം പടുത്തുയര്‍ത്താന്‍ പാടില്ല എന്ന് പറഞ്ഞപ്പോള്‍ ജനശത്രുവായി ആ ഉദ്യോഗസ്ഥന്‍. വയനാട് ദുരന്തം ഗാഡ്ഗിലിനെ ഓര്‍ക്കാന്‍-ഓര്‍മിപ്പിക്കാനും-ഇടയാക്കി. അദ്ദേഹം പറഞ്ഞത് കേട്ടിരുന്നെങ്കില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമായിരുന്നോ എന്ന് വിരല്‍ ചൂണ്ടി ചോദിക്കുന്നു. ശരിയാണ്; ആരാണ് ഗാഡ്ഗില്ലിനെ അവഗണിച്ചത്.
തെക്കേയിന്ത്യയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്വേഷണ പഠനം നടത്താന്‍ മാധവ് ഗാഡ്ഗില്ലിനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതി നേരിട്ട് കണ്ടറിഞ്ഞ കാര്യങ്ങള്‍ നിരത്തിവെയ്ക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. അത് മാറ്റിവെച്ച് സര്‍ക്കാര്‍ ഡോക്ടര്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മീഷനെ നിയോഗിച്ചു.പതിവുപോലെ ആ റിപ്പോര്‍ട്ടും കെട്ടിവെച്ചു. നമ്മുടെ സംസ്ഥാനസര്‍ക്കാര്‍ ഡോക്ടര്‍ ഉമ്മന്‍ വി ഉമ്മന്റെ അധ്യക്ഷതയില്‍ മറ്റൊരു കമ്മീഷനെ നിയോഗിച്ചു. അതും…
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷാ 2013 ഓഗസ്റ്റില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചു. രണ്ടാം പതിപ്പ് അതേ കൊല്ലം ഒക്ടോബറിലും. (ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2011 ആഗസ്റ്റില്‍) ഗാഡ്ഗില്ലിന്റെ വാക്കുകള്‍: ഗോദാവരി, കൃഷ്ണ, നേത്രാവതി, കാവേരി, വൈഗൈ തുടങ്ങിയ മഹാനദികള്‍ക്കും ഒട്ടനേകം ചെറുനദികള്‍ക്കും പുഴകള്‍ക്കും ജീവജലം നല്‍കി സംരക്ഷിക്കുന്ന പ്രകൃതി മാതാവാണ് പശ്ചിമ ഘട്ടം. ഈ ഹരിത മാതാവിന്റെ പച്ചപ്പട്ട് കീറി പ്പറച്ചിരിക്കുന്നു. പിച്ചിച്ചീന്തിയത് അതിസമ്പന്നരുടെ അദമ്യമായ അത്യാര്‍ത്തിയുടെ കൂര്‍ത്ത നഖങ്ങളാണ്.
പട്ടണങ്ങളിലെ ജനബാഹുല്യവും മലിനീകരണവും വര്‍ദ്ധിച്ചപ്പോള്‍ നഗരത്തിലെ സമ്പന്നര്‍ വാരാന്ത്യ സുഖവാസത്തിനായി മലയോര ഗ്രാമങ്ങളിലേക്ക് നീങ്ങുന്നു. അവിടെ ഫാം ഹൗസ്, റിസോര്‍ട്ട് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി. എയര്‍കണ്ടീഷന്‍, ടിവി, ബാര്‍ഹാള്‍, കൃത്രിമ പൂന്തോട്ടം, വിദേശീയ അലങ്കാര ചെടികള്‍.
നിര്‍മാണ ആവശ്യങ്ങള്‍ക്കായി കല്ല്, മണ്ണ്-ഖനനം ഉപയോഗമില്ലാത്ത കല്ലും കട്ടയും മറ്റും കൂട്ടിയിട്ടു. മരങ്ങള്‍ ധാരാളമായി മുറിച്ചു മാറ്റി. തീയിട്ടു. റോഡ്, ക്വാറി, ക്രഷര്‍, ജലഘടന മാറി. കനാല്‍ നിര്‍മാണം നദികളുടെയും അരുവികളുടെയും ഗതി മാറ്റി. മണ്ണൊലിപ്പ് കൂടി. വനഭൂമി. വനേതരാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു.
കേരളത്തിലെ 12 ജില്ലകളില്‍ 123ഗ്രാമങ്ങള്‍ പരിസ്ഥിതി ലോലം. ചിലതരം കൃഷികള്‍ അരുത്. റബ്ബര്‍ വിശേഷിച്ച് പാടില്ല. ഉമ്മന്‍ വി ഉമ്മനും കുറെ വെള്ളം ചേര്‍ത്തിട്ടാണെങ്കിലും ഗാഡ്ഗിലും കസ്തൂരിരംഗനും പറഞ്ഞത് ആവര്‍ത്തിച്ചു. കുടിയേറ്റക്കാര്‍ സഭാ പിതാക്കളുടെ നേതൃത്വത്തില്‍ ബാനറൂം കുരിശുമേന്തി തെരുവിലിറങ്ങി. ശാപോക്തികള്‍ ചൊരിഞ്ഞു.
ഫെഡറിക് എംഗല്‍സ് ഒരു നൂറ്റാണ്ട് മുമ്പ് ലോക ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കി. പ്രകൃതിയെ മെരുക്കാം,എന്നാല്‍ അതിക്രമം അരുത്.അത് പ്രതികരിക്കും. പ്രതികാരം ചെയ്യും. സംഹാരതാണ്ഡവമാടും. അതാണ് നാം ഇപ്പോള്‍ കണ്ടത്. ഇനി യും കാണാന്‍ പോകുന്നതും പ്രകൃതിയുടെ പ്രതികാരം.