കാസര്‍കോട്: സര്‍വ്വീസ് കഴിഞ്ഞ് പെട്രോള്‍ പമ്പുകളിലും മറ്റും നിര്‍ത്തിയിടുന്ന സ്വകാര്യ ബസുകളില്‍ നിന്നു രാത്രിയുടെ മറവില്‍ ഡീസല്‍ ചോര്‍ത്തിയെടുക്കുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ പൊലീസ് പിടിയില്‍. പുത്തിഗെ, കട്ടത്തടുക്ക സ്വദേശിയായ 38കാരനാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഡീസല്‍ മോഷ്ടിക്കുന്നതില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധം ഇല്ലെന്നും ഡീസല്‍ വില കൊടുത്തു വാങ്ങി മറിച്ചു വില്‍ക്കുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
അന്തര്‍സംസ്ഥാന ബന്ധം ഉള്ളവരാണ് ഇയാള്‍ക്ക് ഡീസല്‍ നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കി. ഈ സംഘത്തെ ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുമ്പളയിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസുകളില്‍ നിന്നായി 285 ലിറ്റര്‍ ഡീസലാണ് സംഘം ചോര്‍ത്തിയെടുത്തത്. ബസുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് ഡീസല്‍ മോഷണ സംഘത്തെ തിരിച്ചറിഞ്ഞത്. ഡീസല്‍ കടത്തിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിനെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.