ഉപ്പള: 8 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും, എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം പ്രതിസന്ധിയില്‍. പുതിയ ബ്ലോക്ക് നിര്‍മാണത്തിന് എം.സി ഖമറുദ്ദിന്‍ എം.എല്‍.എ ആയിരുന്ന കാലത്ത് 14 കോടി കിഫ്ബിയില്‍ നിന്നും അനുവദിച്ചിരുന്നു. ഇത് വരെ മണ്ണ് പരിശോധനയല്ലാതെ ഒരു കാര്യവും നടന്നിട്ടില്ല. സാധാരണക്കാരായ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസന കാര്യങ്ങളില്‍ സര്‍ക്കാരിനോ, സ്ഥലം എം.എല്‍.എയ്‌ക്കോ തീരെ താല്‍പര്യമില്ലെന്ന് എന്‍.സി.പി. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് മെഹ്‌മൂദ് കൈകമ്പ ആരോപിച്ചു. ദിനംപ്രതി രോഗികള്‍ വര്‍ദ്ധിക്കുന്ന ആശുപത്രിയില്‍ താലൂക്ക് ആശുപത്രിയില്‍വേണ്ട യാതൊരുവിധ സൗകര്യങ്ങളും ഇല്ല. പ്രസവ വാര്‍ഡ്, ഓപ്പറേഷന്‍ തിയേറ്റര്‍, അത്യാഹിത വിഭാഗം, കുട്ടികളുടെ വിഭാഗം, തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതിയ ബ്ലോക്കിലൂടെ യാഥാര്‍ഥ്യമാകും. ആയിരത്തോളം ഓ. പി. ടിക്കറ്റ് നിലവില്‍ ഇവിടെ നല്‍കുന്നുണ്ട്. ഇത് ഇനിയും കൂടാനാണ് സാധ്യത. പുതിയ ബ്ലോക്ക് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാങ്കേതിക തടസം എന്താണെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനും, ജനപ്രതിനിധികള്‍ക്കുമാണ്. ഇനിയും ഒളിച്ചുകളി തുടര്‍ന്നാല്‍ ആശുപത്രിയുടെ മുന്നില്‍ പൊതുജന പങ്കാളിത്തത്തോടെ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹത്തിന് എന്‍.സി.പി. നേതൃത്വം നല്‍കുമെന്ന് മെഹ്‌മൂദ് കൈകമ്പ മുന്നറിയിപ്പ് നല്‍കി.