കുമ്പള: കുമ്പള റെയില്‍വേ അണ്ടര്‍ പാസേജ് വഴി കുമ്പള കോയിപ്പാടി-മൊഗ്രാല്‍ കൊപ്പളം തീരദേശ റോഡിലൂടെ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റും സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഈ റൂട്ടില്‍ പഞ്ചായത്തിന്റെ ഗ്രാമവണ്ടി സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികള്‍ രംഗത്ത്.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയില്‍ ഉള്ളവര്‍ തൊഴില്‍ കഴിഞ്ഞ് രാവിലെയും വൈകുന്നേരവും ഓട്ടോകള്‍ പിടിച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്. വലിയ വാടക നല്‍കിയാണ് ഓട്ടോകളില്‍ യാത്രചെയ്യുന്നത്. ഇത് ഒഴിവാക്കാന്‍ കോയിപ്പാടി-കൊപ്പളം തീരദേശ റൂട്ടില്‍ രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകള്‍ എങ്കിലും ഗ്രാമ വണ്ടി സര്‍വീസ് അനുവദിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഈ ആവശ്യം പഞ്ചായത്ത് ഭരണസമിതിയെയും, ജനപ്രതിനിധികളെയും തീരദേശവാസികള്‍ ധരിപ്പിക്കും.
കഴിഞ്ഞ ഒക്ടോബര്‍ മാസം എട്ടാം തീയതിയാണ് കുമ്പളയില്‍ ഗ്രാമ വണ്ടി സര്‍വീസ് ഓടിത്തുടങ്ങിയത്. സംസ്ഥാനതല ഉദ്ഘാടനമായിരുന്നു ഇത്. ഗ്രാമീണ മേഖലയില്‍ ഇതിന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ബബ്രാണയില്‍ ഗ്രാമവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചത്.