ചേര്‍ത്തലയില്‍ നവജാത ശിശുമരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴി നല്‍കി കുഞ്ഞിന്റെ മാതാവ്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാന്‍ സുഹൃത്തിനോട് പറഞ്ഞെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ കാമുകനെയും സുഹൃത്തിനെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍ പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവന്‍ അശോക് ജോസഫ് (30)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ സുഹൃത്തായ യുവതി ഈമാസം ഏഴിനാണ് പ്രസവിച്ചത്. അന്നു തന്നെ മറവു ചെയ്തു എന്നും പറയുന്നു. കുഞ്ഞിനെ തോമസ് ജോസഫിനെ ഏല്‍പിച്ച ശേഷം വയറുവേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് എത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്വകാര്യ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. ആശുപത്രി അധികൃതര്‍ കുഞ്ഞിനെ തിരക്കിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഏല്‍പിച്ചു എന്നാണ് ഇവര്‍ പറഞ്ഞത്. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. അതേ സമയം കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. കുഞ്ഞിനെ മറവുചെയ്ത സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. യുവാക്കളെ ചോദ്യം ചെയ്ത ശേഷം കുഴിച്ചിട്ട മൃതദേഹം പുറത്തെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
രാജസ്ഥാനില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടിയും തോമസും തമ്മില്‍ പ്രണയത്തിലായത്.
ഒന്നരവര്‍ഷമായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരുകയായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല.