മംഗ്‌ളൂരു: വീട്ടുകാരുടെ എതിര്‍പ്പുകളെയെല്ലാം മറി കടന്ന് ദീര്‍ഘകാലത്തെ പ്രണയബന്ധത്തിനു ഒടുവില്‍ ജീവിതത്തില്‍ ഒന്നായ നവദമ്പതികള്‍ ആദ്യരാത്രിയില്‍ പരസ്പരം കത്തികൊണ്ട് കുത്തിയും തലയ്ക്കടിച്ചും കൊല്ലപ്പെട്ടു. കോലാര്‍, കെ.ജി.എഫ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോലാറിലെ ഒരു വസ്ത്രാലയം ഉടമയായ നവീന്‍ കുമാര്‍, ഭാര്യ ലിഖിതശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരും കല്യാണത്തിനു എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ വിവാഹം നടന്നില്ല. മറ്റൊരു കല്യാണത്തിനു തയ്യാറല്ലെന്ന് ഇരുവരും നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഇരുവീട്ടുകാരും കല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ലിഖിതശ്രീയും നവീന്‍ കുമാറും ആചാര പ്രകാരം വിവാഹിതരായി. ആദ്യരാത്രിയില്‍ ലിഖിതശ്രീ പാലുമായി മണിയറയിലേക്കു പോയതിനു പിന്നാലെ അകത്തു നിന്നു ബഹളം തുടങ്ങിയത്രെ. അകത്ത് എന്താണ് നടക്കുന്നതെന്നു അറിയാതെ വീട്ടുകാര്‍ അന്തം വിട്ടു നില്‍ക്കുന്നതിനിടയില്‍ ബഹളം രൂക്ഷമാവുകയും നിലവിളി ഉയരുകയും ചെയ്തു. സംഭവം ഗുരുതരമാണെന്നു മനസ്സിലാക്കിയ വീട്ടുകാര്‍ വാതിലില്‍ തട്ടി വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോള്‍ വയറ്റിലും മറ്റും കത്തി കുത്തേറ്റു ചോരയില്‍ കുളിച്ച് നിലത്തു വീണു കിടക്കുന്ന നിലയിലാണ് ലിഖിതശ്രീയെ കാണപ്പെട്ടത്.
നവീന്‍ കുമാറിനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലും കാണപ്പെട്ടു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലത്തെ പ്രണയബന്ധത്തിനു ഒടുവില്‍ വിവാഹിതരായ ലിഖിതശ്രീയും നവീന്‍ കുമാറും എന്തിനാണ് ആദ്യരാത്രിയില്‍ തന്നെ പരസ്പരം കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോലാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.