കാസര്‍കോട്: ചെറുവത്തൂരില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. പിലിക്കോട് മട്ടലായിയിലെ ബാലന്റെ ഭാര്യ സി. രോഹിണി (62) യാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചെറുവത്തൂരിലെ പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു അപകടം. അമിത വേഗതിയിലെത്തിയ ബൈക്ക് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ രോഹിണിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു. നില അതീവഗുരുതരമായതിനാല്‍ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്തേര പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകീട്ട് നാട്ടിലെത്തിക്കും.