കൊച്ചി: അത്താണി പള്ളത്തുപടിയിലെ വീട്ടിൽ വാട്ടർ കണക്ഷന്റെ മീറ്റർ റീഡിങ് എടുക്കാൻ ബോക്സ് തുറന്ന ജീവനക്കാരി ഒന്ന് ഞെട്ടി. പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ്. മീറ്റർ ബോക്സിൽ നിന്നു തലപൊക്കിയ മൂർഖൻ പാമ്പ് പത്തി വിടർത്തി ആടുകയാണ്. അവസാനം അയൽക്കാരനെ വിളിച്ചാണ് പാമ്പിനെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. ജല അതോറിറ്റി തൃക്കാക്കര ഓഫിസിലെ മീറ്റർ റീഡർ തേവയ്ക്കൽ സ്വദേശിനി ഷിനി ബാബു ആണ് പാമ്പിനെ കണ്ടത്. വീട്ടുകാരെ വിളിച്ചപ്പോൾ അവിടെ ജോലിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടുടമയുടെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അയൽക്കാരനെ പറഞ്ഞയച്ചാണ് മൂർഖനെ പിടികൂടിയത്. സാധാരണഗതിയിൽ ഏതെങ്കിലും ഇഴജന്തുക്കളുണ്ടാവാമെന്ന കരുതലോടെയാണ് ബോക്സ് തുറക്കാറുള്ളതെങ്കിലും മൂർഖൻ കാണുമെന്ന് കരുതിയില്ലെന്ന് ഷിനി പറയുന്നു. 14 വർഷമായി മീറ്റർ റീഡറായി ജോലി ചെയ്യുകയാണ് ഷിനി. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. കാടുപിടിച്ച പറമ്പൊന്നുമല്ല, ഇന്റർലോക്ക് ചെയ്ത മുറ്റത്താണ് സംഭവം. മീറ്റർ ബോക്സുകൾ കാടു കയറാതെ അടച്ചുറപ്പോടെ സൂക്ഷിക്കണമെന്ന് വീട്ടുടമയോട് ജല അതോറിറ്റി അഭ്യർത്ഥിച്ചു.