തൊട്ടു പോയാല്‍ വാടുന്ന പെണ്ണേ…

67 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അനുഭവമാണ്. ഞാനന്ന് പതിനേഴുകാരനായ കോളേജ് വിദ്യാര്‍ത്ഥി. നാട്ടില്‍ സമപ്രായക്കാരായ നിരവധി കൂട്ടുകാരുണ്ടായിരുന്നു. ഒത്തുകൂടി ഫുട്ബാള്‍, വോളിബാള്‍ തുടങ്ങിയ കളികളില്‍ സജീവമായിരുന്ന കാലം. ഫുട്ബാളിന് വിശാലമായ പലിയേരിക്കൊവ്വലും വോളിബോളിന് കണ്ടോത്ത് അമ്പുവേട്ടന്റെ ഒഴിഞ്ഞ പറമ്പും സൗകര്യമായിരുന്നു. കളി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ടി.വി. ഗോവിന്ദന്‍ ഒരാശയം മുമ്പോട്ടു വെച്ചു. ‘നമുക്കൊരു കലാസമിതി രൂപീകരിച്ചാലോ?’ അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി. കലാ സമിതിക്ക് പേരു വേണം. ഒരു ആഫീസ് വേണം. എന്തെങ്കിലും കലാപരിപാടി ആസൂത്രണം ചെയ്യണം. പേര് നിര്‍ദ്ദേശിച്ചു. ‘നവോദയ കലാ സമിതി’ കയ്യടിച്ചു അംഗീകരിച്ചു. സുലൈമാന്റെ പീടികയുടെ ഒരു ചെറിയ മുറി ഒഴിഞ്ഞു കിടപ്പുണ്ട്. അതന്വേഷിച്ചു. വാടക വാങ്ങാതെ പ്രസ്തുത മുറി നല്‍കാമെന്ന് അദ്ദേഹം സമ്മതിച്ചു. താല്‍ക്കാലികമായി ഒരു ബോര്‍ഡും എഴുതി വെച്ചു. മാതൃഭൂമി, ദേശാഭിമാനി പത്രങ്ങളും, ചിന്ത, പീപ്പിള്‍സ് ഡെമോക്രസി, ദേശാഭിമാനി, മാതൃഭൂമി ആഴ്ചപ്പതിപ്പുകളും കലാ സമിതി ആഫീസിലേക്ക് ഓരോ വ്യക്തിയും സ്‌പോണ്‍സര്‍ ചെയ്തു. അക്കാലത്ത് കൂക്കാനം വളരെ പിന്നോക്ക പ്രദേശമായിരുന്നു. ഇടുങ്ങിയ നടവഴികള്‍, ഒന്ന് രണ്ട് പീടികകള്‍, കുത്തിയൊലിച്ചൊഴുകുന്ന കൊല്ലി, കാര്‍ഷിക വൃത്തിമാത്രമാണ് ഏക ജീവിതമാര്‍ഗ്ഗം. 1962ല്‍ ആരംഭിച്ച ഓലയും പുല്ലും മേഞ്ഞ സര്‍ക്കാര്‍ വിദ്യാലയം. ആ വിദ്യാലയത്തിന് വേണ്ട സ്ഥലവും ഷെഡും നാട്ടുകാര്‍ സംഭാവന ചെയ്തത്. അതു മാത്രമാണ് അന്ന് നാട്ടിലുണ്ടായ പൊതു സ്ഥാപനം.
കലാസമിതി പ്രവര്‍ത്തനം നാലഞ്ചുമാസം മുന്നോട്ടു പോയപ്പോള്‍ അതിന്റെ വാര്‍ഷികം നടത്തിയാലോ എന്നാലോചന വന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ തീര്‍ച്ചയായും വാര്‍ഷികം വേണമെന്ന് എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചു. നാടകം സെലക്ട് ചെയ്യണം. അഭിനേതാക്കളെ കണ്ടെത്തണം. വാര്‍ഷികാഘോഷത്തിന് വേണ്ടുന്ന സ്ഥലസൗകര്യങ്ങളും മറ്റും ഒരുക്കണം. അതിനൊരു വാര്‍ഷികാഘോഷ കമ്മററി രൂപീകരിച്ചു. ഞങ്ങള്‍ ചെറുപ്പക്കാര്‍ മാത്രം. ഉപദേശം നല്‍കാന്‍ പോലും ആരും ഇല്ല. ടി.വി. ഗോവിന്ദന്‍ പ്രസിഡണ്ടും ഞാന്‍ സെക്രട്ടറിയുമായി 9 അംഗ കമ്മറ്റി പ്രവര്‍ത്തനനിരതമായി. നാടകമൊക്കെ റെഡിയായാലെ ഫണ്ട് പിരിക്കാന്‍ പറ്റു.
സി.എല്‍. ജോസിന്റെ ‘നക്ഷത്രവിളക്ക്’ എന്ന നാടകം അവതരിപ്പിക്കാമെന്ന് ധാരണയായി. നാട്ടില്‍ കോളേജ് വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാക്കിയ, നാടകത്തിലും, ഗാനാലാപനത്തിലും മറ്റും താല്‍പര്യമുള്ള കെ.ജി. കൊടക്കാടിനെ ചെന്നു കണ്ടു. അദ്ദേഹവും വളരെ താല്‍പര്യം കാണിച്ചു. നാടകം സംവിധാനം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. നാടകത്തില്‍ അഭിനയിക്കാന്‍ കുറേ ചെറുപ്പക്കാര്‍ക്ക് താല്‍പര്യമുണ്ട്. യോജിച്ച കഥാപാത്രങ്ങളെ കണ്ടെത്താന്‍ സംവിധായകന്‍ തയ്യാറായി. അഭിനയിക്കാന്‍ താല്‍പര്യമുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്തു. കെ.ജി. കൊടക്കാടിന്റെ നേതൃത്വത്തില്‍ കൂക്കാനം സ്‌കൂളില്‍ വെച്ച് നാടകം മുഴുവന്‍ വായിച്ചു. എല്ലാവരും ശ്രദ്ധാപൂര്‍വ്വം കേട്ടു. അനുയോജ്യരായവരെ കണ്ടെത്താന്‍ ഓഡിയോ ടെസ്റ്റ് നടത്തി. അങ്ങനെ കൂത്തൂര്‍ കൃഷ്ണന്‍, കൊടക്കല്‍ രാഘവന്‍, കൊല്ലന്‍ അമ്പു, എ.കെ. രാമചന്ദ്രന്‍ കരിമ്പില്‍ വിജയന്‍, ടി.പി.ഗോവിന്ദന്‍, കൂക്കാനം റഹ്‌മാന്‍ എന്നിവരെ കണ്ടെത്തി. നാടകത്തില്‍ പെണ്‍വേഷം കെട്ടാന്‍ ഒരാളു വേണം. അതിനു പറ്റിയത് റഹ്‌മാന്‍ തന്നെയെന്ന് എല്ലാവരും സമ്മതിച്ചു. നാടകനടികള്‍ ഇല്ലാത്ത കാലം; വൈദ്യുതി എത്താത്ത നാട്, ഈ പ്രയാസങ്ങളെല്ലാം അതിജീവിക്കണം. നാടക റിഹേര്‍സല്‍ കാര്യമായി നടന്നു. അഭിനേതാക്കളെല്ലാം ചൂട്ടും കത്തിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നായി സ്‌കൂളിലെത്തും. രാത്രി രണ്ടു മണി വരെയൊക്കെ റിഹേര്‍സല്‍ നടക്കും. വീണ്ടും തിരിച്ചു വീട്ടിലേക്കു പോവുകയോ സ്‌കൂളില്‍ ബെഞ്ചില്‍ കിടന്നുറങ്ങുകയോ ചെയ്യും.
എല്ലാവരും നാടകം ശരിക്കും പഠിച്ചു. ഇനി വാര്‍ഷികാഘോഷത്തിന്റെ തിയ്യതി നിശ്ചയിക്കണം. 1967 മെയ് 5ന് നടത്താന്‍ ധാരണയായി. ഉദ്ഘാടകന്‍ വേണം. അധ്യക്ഷന്‍ വേണം, നോട്ടീസ് പ്രിന്റ് ചെയ്യണം, ആഘോഷച്ചെലവിലേക്കുള്ള ഫണ്ട് കണ്ടെത്തണം. നോട്ടീസും റസീറ്റും അടിച്ചു. അറിയപ്പെടുന്ന പ്രഭാഷകനായ വെള്ളൂര്‍ ഗംഗാധരന്‍ മാഷിനെ ഉദ്ഘാടകനായി ക്ഷണിച്ചു. അധ്യക്ഷനും സ്വാഗതവും നന്ദിയും ആശംസകളും നാട്ടുകാരെ തന്നെയാക്കി. അക്കാലത്തെ നോട്ടീസില്‍ അഭിനേതാക്കളുടെ പേരു വെക്കും. നോട്ടീസും റസീറ്റുമായി വീടുവീടാന്തരം കയറി ഇറങ്ങണം. അന്ന് സംഭാവന ലഭിക്കുന്ന കേന്ദ്രം കരിവെള്ളൂര്‍ ബസാറിലുള്ള ബീഡിക്കമ്പനികളായിരുന്നു. പത്തോളം സാധു ബീഡിക്കമ്പനികള്‍ കരിവെള്ളൂരിലുണ്ടായിരുന്നു ഓരോ കമ്പനിയിലും ചെല്ലണം അവിടുത്തെ നേതാക്കള കാണണം. ഒരാഴ്ച കഴിഞ്ഞു ചെല്ലാന്‍ പറയും. പത്തുറുപ്പിക, പതിനഞ്ചു ഉറുപ്പിക വരെ ഓരോ കമ്പനിയില്‍ നിന്നു കിട്ടും. അതാണ് അക്കാലത്തെ ഏറ്റവും വലിയ സംഭാവന. തുടര്‍ന്ന് നാട്ടിലുള്ള വ്യക്തികളെ കാണും. അതിലുണ്ടായ ഒരു സംഭവം മറക്കാന്‍ കഴിയില്ല. ഓലാട്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്ഥിരമായി ചായ കുടിക്കുന്ന ചായപ്പീടിക ഉണ്ടായിരുന്നു. ‘മണിയാണിശ്ശന്റെ പീടിക’ എന്നേ അറിയൂ. അദ്ദേഹത്തെ സംഭാവനക്കു വേണ്ടി കണ്ടു. രണ്ടു രൂപ സംഭാവന എന്റെ കയ്യില്‍ തന്നു. റസീറ്റ് എഴുതുമ്പോള്‍ പേര് ചോദിച്ചു. ‘എന്റെ പേരറിയില്ലേ? പേരറിയില്ലെങ്കില്‍ പണം തരുന്നില്ല ആ തുക തിരിച്ചു തരൂ’ വാസ്തവത്തില്‍ മണിയാണിശ്ശന്‍ എന്നേ ഞങ്ങള്‍ക്കറിയൂ. ഞങ്ങള്‍ വിഷമിച്ചു നിന്നു. ‘ആളെയും പേരും ഒക്കെ അറിഞ്ഞിട്ടേ പിരിവിന് ഇനി മുതല്‍ പോകാവൂ’ ആ ഉപദേശം ഇന്നും മനസ്സിലുണ്ട്. ‘ആ.. നാരായണന്‍ മണിയാണി’ എന്നെഴുതിക്കോളു എന്ന് പറഞ്ഞ് തുക വീണ്ടും തന്നു.
വാര്‍ഷികദിനം അടുത്തടുത്തുവന്നു. കര്‍ട്ടന്‍ സെറ്റ് ദേശാഭിമാനി കലാ സമിതിയില്‍ ബുക്ക് ചെയ്തു. കൊടക്കാട് രാഘവന്‍ ആണ് ഗാനങ്ങള്‍ എഴുതിയത്. ബാലന്‍ കരിവെള്ളൂരാണ് സംഗീത സംവിധായകന്‍. ഗാനങ്ങള്‍ രണ്ടാഴ്ച മുമ്പേ കൊടുത്തിരുന്നു. നാമദേവ പൈയുടെ ‘നര്‍മ്മദാ സൗണ്ട് സര്‍വ്വീസിനെയാണ് സൗണ്ട് സിസ്റ്റം ഏല്‍പ്പിച്ചത്. കുട്ടത്തില്‍ നാല് പെട്രോമാക്‌സും. എല്ലാം റഡിയായി. ഇനി ഫൈനല്‍ റിഹേര്‍സല്‍ ആണ്. ഭംഗിയായി ഫൈനല്‍ റിഹേര്‍സല്‍ നടന്നു.
മെയ് നാലിനു തന്നെ സ്റ്റേജ് പണി പൂര്‍ത്തിയാക്കി. പുറത്ത് തിരിയോല, മാവിന്റെ ഇല, ഹനുമാന്‍ കിരീടംപൂവ് എന്നിവ കൊണ്ടുള്ള ഡക്കറേഷന്‍ നടത്തി. പെട്രോ മാക്‌സ് വെക്കാനും മൈക്കിന്റെ കോളാമ്പി കെട്ടാനും തുണുകള്‍ നാട്ടി. ഉദ്ഘാടനച്ചടങ്ങ് ഗംഭീരമായി നടന്നു. സ്വാഗതഭാഷണം നടത്തിയ ഞാന്‍ മേക്കപ്പ് ഷെഡിലേക്ക് വന്നു. പ്രഭാകരന്‍ മാഷാണ് മേക്കപ്പ്’ ഞാന്‍ സുന്ദരിയായ പെണ്ണായി മാറി. എനിക്ക് പാകമായ ബ്ലൗസിന് വേണ്ടി നാടു മുഴുവന്‍ നടന്നു. അവസാനം എന്നെ പോലെ തടിച്ച ദേവകിയുടെ ബ്ലൗസ് കിട്ടി. ഉള്ളില്‍ ബനിയന്‍ ഇട്ടു. ചെറിയ രണ്ട് ചിരട്ട മുലയാക്കി. ആകെ കൂടി അതിസുന്ദരി തന്നെ. എന്നെ കണ്ടപ്പോള്‍ സംവിധായകന്‍ കെ.ജി കൊടക്കാടിന് ആവേശം വന്നു. അദ്ദേഹത്തിന് കോളേജില്‍ നിന്ന് ചെയ്ത ഡാന്‍സ് ചെയ്യണം. അതിന് പെണ്ണായി ഞാന്‍ നില്‍ക്കണം. നാണം കുണുങ്ങി സ്റ്റേജില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നാല്‍ മതി. ഒരു അനൗന്‍സ്‌മെന്റ് കെ.ജി നടത്തി.
‘നാടകം തുടങ്ങുന്നതിന് മുമ്പ് കെ. ജി. കൊടക്കാടും കൂക്കാനം റഹ്‌മാനും നടത്തുന്ന നാടോടിനൃത്തം നടക്കുന്നു’. കാണികള്‍ ആര്‍പ്പുവിളി തുടങ്ങി. നോട്ടീസില്‍ പറയാത്ത കാര്യമാണ്. കര്‍ട്ടന്‍ പൊങ്ങി ഞാന്‍ നാണം കുണുങ്ങി പെണ്ണായി സ്റ്റേജില്‍ നിന്നു കെ.ജി ആടിത്തിമിര്‍ത്തു കൊണ്ട് സ്വയം പാട്ടുപാടി വരുന്നു.
‘തൊട്ടു പോയാല്‍ വാടുന്ന പെണ്ണേ
തൊട്ടാവാടി തോല്‍ക്കുന്ന പെണ്ണേ
എന്തു പറഞ്ഞു ഞാന്‍ എന്നോട് പിണങ്ങാന്‍
എന്തു പറഞ്ഞു ഞാന്‍ നിന്നേ’
തുടങ്ങിയ ഗാനം പത്തു മിനുട്ടോളം നീണ്ടുനിന്നു. കാണികള്‍ ദീര്‍ഘമായി കയ്യടിച്ചു. ഇന്നും എന്റേ പ്രായക്കാര്‍ എന്നെ കാണുമ്പോള്‍ ‘തൊട്ടു പോയാല്‍…’പാടും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page