കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. സിനിമാ നടനും അഭിഭാഷകനും കാസര്‍കോട് സ്വദേശിയുമായ സി. ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിഴ ചുമത്തി തള്ളിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ അടയ്ക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ എന്ത് പൊതുതാല്‍പര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും അഭിഭാഷകനോട് ചോദിച്ചു. വയനാട് ദുരന്തത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും മറ്റും പൂര്‍ണമായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് ഷുക്കൂര്‍ വക്കീല്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ പണം പിരിക്കുന്നുണ്ടെന്നും അതില്‍ സുതാര്യത വരുത്താനാണ് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.
ഈ ഫണ്ടുകള്‍ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സംഘടനകളുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് ഹൈക്കോടതി പിഴയോടെ തള്ളിയത്.