കണ്ണൂർ: വ്യാജ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നൂറിലധികം ആധാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആലക്കോട് സി.ആര്‍ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനം നടത്തുന്ന വെള്ളാട് സ്വദേശി ചാത്തോത്ത് രാഹുല്‍ സി.രാഘവ(28)നെയാണ് ആലക്കോട് എസ്.ഐ എന്‍.ജെ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വ്യാജ സീലും രേഖകളും പിടിച്ചെടുത്തു. ലൈസന്‍സ്ഡ് എഞ്ചിനീയറായ തടിക്കടവ് കൂട്ടിക്കരിയിലെ കൈത്തോട്ടുങ്കല്‍ ജമുന ജോസഫിന്റെ(28) പരാതിയില്‍ കേസെടുത്താണ് അറസ്റ്റ്. ജമുനയുടെ പേരിലുള്ള എഞ്ചിനീയറിംഗ് ലൈസന്‍സും സീലും വ്യാജമായി നിര്‍മ്മിച്ച് ഇത് ഉപയോഗിച്ച് കൃത്രിമ ബില്‍ഡിംഗ് വാല്യുവേഷന്‍ തയ്യാറാക്കി നിരവധി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്നായിരുന്നു പരാതി. ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലുള്ള കെട്ടിടങ്ങളുടെ വില അംഗീകൃത എഞ്ചിനീയര്‍ പരിശോധിച്ച് നിര്‍ണ്ണയിക്കണമെന്നാണ് ചട്ടം. ഇതിന്റെ മറവില്‍ ജമുനയുടെ അറിവോ സമ്മതമോയില്ലാതെ 2024 ജനുവരി മുതല്‍ ഏപ്രില്‍ 20 വരെയുള്ള കാലയളവില്‍ വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും നിരവധി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതിയില്‍ ആരോപിച്ചിരുന്നു. ആലക്കോട്, തളിപ്പറമ്പ്, ശ്രീകണ്ഠപുരം സബ്‌രജിസ്ട്രാര്‍ ഓഫീസുകളിലാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്. ആലക്കോട് മാത്രം 64 ആധാരങ്ങള്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തതായി സൂചനയുണ്ട്. ജമുന ജോസഫിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് 64 ആധാരം വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമായത്. എഞ്ചിനീയര്‍മാരുടെ അംഗീകൃത സംഘടനയായ ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) തട്ടിപ്പിനെതിരെ രംഗത്തുവന്നിരുന്നു. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി ആലക്കോട് പൊലീസ് മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. അതിനിടയില്‍ ഇന്നലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒമാരായ മഹേഷ്, പവന്‍രാജ് എന്നിവരും രാഹുലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കേസില്‍ മറ്റുചിലര്‍ക്കുകൂടി പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. എസ്.ഐ കെ.ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.