കൊല്ലം: ആശ്രാമത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കാറിടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായ സരിതയടക്കം അഞ്ചുപേര്‍ സംഭവത്തില്‍ പിടിയിലായി. പാപ്പച്ചന്റെ പേരിലുള്ള നിക്ഷേപത്തുക തട്ടിയെടുക്കാനായിരുന്നു കൊലപാതകം. സരിത ക്വട്ടേഷന്‍ നല്‍കിയ അനിമോനും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ മേയ് മാസം 26നാണ് ബിഎസ്എന്‍എല്‍ മുന്‍ ഡിവിഷണല്‍ എഞ്ചിനീയറായ സി പാപ്പച്ചന്‍ അപകടത്തില്‍ മരിച്ചത്. വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്നു. ഈ നിക്ഷേപത്തുകയില്‍ നിന്ന് സരിത 40 ലക്ഷം രൂപ തട്ടിയെടുത്തത് പാപ്പച്ചന്‍ ചോദ്യം ചെയ്തിരുന്നു. പ്രശ്‌നം പരിഹാരിക്കാനായി പാപ്പച്ചനെ ഓഫീസില്‍ വിളിച്ചുവരുത്തിയ ശേഷം തിരിച്ചുപോകുമ്പോള്‍ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാപ്പച്ചന്റെ മരണം റോഡപകടമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്.
പാപ്പച്ചന്‍ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തിലല്ലയെന്നും പാപ്പച്ചന്‍ മരിച്ചാല്‍ പണം ചോദിച്ച് ആരും വരില്ലെന്നും മനസിലാക്കിയാണ് സരിത കൊലപാതകത്തിന് പദ്ധതിയിട്ടത്. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളാണ് പാപ്പച്ചന്‍. അനിമോന്‍ വാടകയ്ക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ച് കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിന് തൊട്ടടുത്ത ഇടവഴിയിലായിരുന്നു അപകടം.