പത്തനംതിട്ട: അടൂരില്‍ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശി അനന്തകൃഷ്ണ(26)നെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ വധശ്രമത്തിനും ജെ.ജെ.ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടില്‍ വച്ച് മദ്യപിച്ചെത്തിയാണ് പരാക്രമം. ഭാര്യയുടേയും ഭാര്യാ മാതാവിന്റേയും മുന്‍പില്‍ വച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയാണ് കീഴ്‌പ്പെടുത്തിയത്. സ്റ്റേഷനിലേക്ക് പോകും വഴി പൊലീസ് ജീപ്പിനുള്ളിലും പ്രതി അക്രമാസക്തനായതായി പൊലീസ് പറയുന്നു.