കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാനായി മാതാവിന്റെ സ്വര്‍ണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരന്‍ പിടിയില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മകനാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ നജാഫ്ഗഡിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി തന്റെ ക്ലാസിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ജന്മദിനത്തില്‍ കാമുകി സമ്മാനം ആവശ്യപ്പെട്ടിരുന്നു. ഒരു വലിയ സര്‍പ്രൈസ് നല്‍കി പെണ്‍കുട്ടിയെ ഞെട്ടിക്കണമെന്ന് കൗമാരക്കാരന് ആഗ്രഹമുണ്ടായിരുന്നു. മാതാവിനോട് പണം ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല. അങ്ങനെയാണ് മാതാവിന്റെ മാല വിറ്റ് ഐഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഒരു ജോഡി സ്വര്‍ണക്കമ്മലുകള്‍, ഒരു മോതിരം, ഒരു ചെയിന്‍ എന്നിവയാണ് മോഷ്ടിച്ചത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതോടെ വീട്ടമ്മ പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തി പരിശോധനയില്‍ പുറത്തുനിന്നുള്ള ആരെയും കണ്ടെത്തിയില്ല. അതിനിടയില്‍ കുട്ടിയെ കാണാതായി. പിന്നീട് പൊലീസ് ഇടപെടലില്‍ കുട്ടി വീട്ടിലേക്ക് തിരിച്ചുവന്നു. കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
സ്വര്‍ണം വാങ്ങിയ സ്വര്‍ണ്ണപ്പണിക്കാരനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.