ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ പേജിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് കേസ് എടുത്തത്. അജു അലക്സ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റെ പരാതിയിലാണ് കേസെടുത്തത്. മോഹൻലാൽ വയനാട്ടിൽ പട്ടാള വേഷത്തിൽ സന്ദർശിക്കാൻ എത്തിയതിനെ കുറിച്ച് ഇയാൾക്ക് എന്താണ് ഇതിന് യോഗ്യത എന്ന് ചെകുത്താൻ എന്ന പേജിലൂടെ അജു ചോദിച്ചിരുന്നു.
.