ധാക്ക: ആഭ്യന്തര കലാപങ്ങള്‍ തുടരുന്നതിനിടെ, പ്രശസ്ത ബംഗ്ലാദേശ് നാടോടി ഗായകന്‍ രാഹുല്‍ ആനന്ദയുടെ വസതി കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രാഹുലും കുടുംബവും നാടുവിട്ടു. ഒരു രഹസ്യ സ്ഥലത്ത് അഭയം പ്രാപിച്ചതായി ജോലര്‍ ഗാനിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ സൈഫുള്‍ ഇസ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമികള്‍ ഇരച്ചെത്തിയത്. പിന്നാലെ വീട് കൊള്ളയടിക്കുകയും വീട് അഗ്‌നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൈ കൊണ്ട് നിര്‍മിച്ച 3000-ത്തിലധികം സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം വീട്ടിലുണ്ടായിരുന്നു. ഇത് മുഴുവനും കലാപകാരികള്‍ കത്തിച്ച് നശിപ്പിച്ചു. ഗേറ്റ് തകര്‍ത്താണ് അക്രമികള്‍ വീടിനകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് വാതിലുകള്‍ കുത്തി തുറന്നു. പിന്നലെ ഫര്‍ണിച്ചറുകളും കണ്ണാടികളും ഉള്‍പ്പടെ വിലപിടിപ്പുള്ള എല്ലാം കവര്‍ന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധു പറഞ്ഞു. ഗാനരചയിതാവും ഗായകനുമായ രാഹുല്‍ ആനന്ദ ധാക്കയില്‍ ജോലര്‍ ഗാന് എന്ന പേരില്‍ ബാന്‍ഡ് നടത്തുകയാണ്. ഇതേസമയത്ത് ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്‌റഫെ ബിന്‍ മൊര്‍ത്താസയുടെ വീടിനും അക്രമികള്‍ തീയിട്ടിരുന്നു. 117 മത്സരങ്ങളില്‍ ബംഗ്ലാദേശിനെ നയിച്ച താരമാണ് അദ്ദേഹം. പ്രധാനമന്ത്രി പദം രാജി വച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും അക്രമസംഭവങ്ങള്‍ക്ക് കുറവില്ല.