മുംബൈ: മുംബൈ കേരള ജമാഅത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. കേരളത്തിലെ വടകരയില്‍ നിന്ന് സിയാറത്തിന് പുറപ്പെട്ട സംഘത്തിലെ ഒരാളായിരുന്നു ഫരീദഫിദ. മുംബൈയില്‍ വച്ചു ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടര്‍ന്ന് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മുംബൈ കേരള ജമാഅത്തിന്റെ സെക്രട്ടറി ഹനീഫയും കൂട്ടരും ആശുപത്രിയിലെത്തി സഹായങ്ങള്‍ ഉറപ്പാക്കി. യുവതിയെ ആശുപത്രിയിലെത്തിക്കുകയും അവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍തൃപിതാവിനെയും കുട്ടിയെയും മാതൃസഹോദരിയെയും ജമാഅത്തില്‍ താമസിപ്പിക്കുകയായിരുന്നു. ജമാഅത്ത് വൈസ് പ്രസിഡന്റ് മസൂദ് മാണിക്കോത്ത്, ഷംനാട് പോക്കര്‍, ടിവികെ അബ്ദുല്ല എന്നിവരും സഹായത്തിന് ഒപ്പമുണ്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും അസുഖത്തിന് മാറ്റമില്ലാത്തതിനെ തുടര്‍ന്ന് മുംബൈയിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ട് നാട്ടിലെത്തിയ ഫരീദയും സംഘവും മുംബൈ കേരള ജമാഅത്തിന്റെ ഉദാത്തതയെ അഭിനന്ദിച്ചു.







