ബംഗ്‌ളൂരു: പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ കയറിപ്പിടിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. സുരേഷ് (25)എന്നയാളെയാണ് കൊനനകുംണ്ഡ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാന്‍ സ്വദേശിനിയായ 34കാരിയാണ് അതിക്രമത്തിനു ഇരയായത്. പ്രഭാതസവാരിക്കിറങ്ങിയ യുവതി സുഹൃത്തിനെ കാത്ത് വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ അതുവഴിയെത്തിയ സുരേഷ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതി കുതറിയോടിയെങ്കിലും പിന്തുടര്‍ന്ന് വീണ്ടും അക്രമിക്കുകയായിരുന്നുവെന്നു യുവതി പരാതിപ്പെട്ടു. പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിനു പിന്നില്‍ സുരേഷ് ആണെന്നു പൊലീസ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബംഗ്‌ളൂരുവിലെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്റെ ടാക്‌സിയില്‍ താമസസ്ഥലങ്ങളിലാക്കി മടങ്ങുകയായിരുന്നു സുരേഷ്. ഇതിനിടയിലാണ് യുവതിയെ കയറിപ്പിടിച്ചത്. യുവതി സഹകരിക്കുമെന്നു കരുതിയാണ് അതിക്രമത്തിനു മുതിര്‍ന്നതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.