മംഗളൂരു: കാസര്‍കോട് ഭാഗത്തു നിന്നുള്ള യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടിയായി ട്രെയിന്‍ റദ്ദാക്കല്‍ തുടരുന്നു. ബംഗളൂരു-മംഗളൂരു പാതയില്‍ ഹാസന്‍ സകലേശ്പുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാതയില്‍ ജൂലൈ 26 ന് മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള എല്ലാ ട്രെയിന്‍ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍-ബംഗളുരു എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഇതിനെത്തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തു. ഇപ്പോഴിതാ, ഈ റദ്ദാക്കല്‍ ആഗസ്ത് എട്ടുവരെ
തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് മൈസൂരു റെയില്‍വേ ഡിവിഷന്‍. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പാതയെ ബാധിച്ചതിനാല്‍ കര്‍ണാടകയുടെ തീരദേശ നഗരങ്ങള്‍ക്കും തലസ്ഥാന നഗരങ്ങള്‍ക്കും ഇടയിലുള്ള 12 ട്രെയിനുകളുടെ സര്‍വീസ് ജൂലൈ 27 ന് നിര്‍ത്തിവച്ചിരുന്നു.
ചുരം പാതയില്‍ മണ്ണിടിഞ്ഞത് ശരിയാക്കി പാളം പുനസ്ഥാപിച്ചുവെങ്കിലും സര്‍വീസ് നടത്തുവാനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഗുഡ്‌സ് ട്രെയിന്‍ കടത്തിവിട്ടുവെങ്കിലും സുരക്ഷ കമ്മിഷണറുടെ അനുമതി കൂടി ഇനി ലഭിക്കേണ്ടതുണ്ട്.







