നാരായണന്‍ പേരിയ
കാലം മാറുമ്പോള്‍ കോലവും മാറണം. അതോടൊപ്പം മറ്റൊന്നും കൂടി മാറേണ്ടതുണ്ട്:-‘ശീലം’
‘കാലാവലോകനം കാര്യസാധ്യം’-എന്ന് ആപ്തവാക്യം. കാലം മാറുന്നത് നോക്കി പ്രവര്‍ത്തിക്കണം. എങ്കിലേ കാര്യസാധ്യം ഉണ്ടാവുകയുള്ളു. ഋതുഭേദത്തിനനുസരിച്ച് ജീവിത ശൈലി മാറ്റുക. വേനല്‍ കാലത്തുപയോഗിച്ച വസ്ത്രം അല്ലല്ലോ ശൈത്യകാലത്ത് ഉപയോഗിക്കേണ്ടത്; മഴക്കാലത്തും. അനുഭവത്തില്‍ നിന്ന് പഠിച്ച പാഠമാണിത്. ഏറ്റവും വലിയ ഗുരു അനുഭവമാണല്ലോ. അനുഭവസ്ഥരായ മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. അതില്‍ കാര്യമുണ്ടാകും എന്ന് മനസ്സിലാക്കി അനുസരിക്കണം.
റോഡിലൂടെ നടന്നു പോകുമ്പോള്‍ മഴക്കാലത്ത് വെള്ളക്കുഴികള്‍ കണ്ടാല്‍ അതില്‍ കളിക്കാന്‍ കുട്ടികള്‍ക്ക് കൗതുകം തോന്നും. കടലാസ് തോണിയുണ്ടാക്കി ഒഴുക്കുക, കാലു കൊണ്ട് വെള്ളം ചവിട്ടിത്തെറിപ്പിക്കുക-ഇങ്ങനെ വെള്ളം ചിതറുന്നത് കാണാമല്ലോ. എത്ര ദൂരത്തേക്ക് വെള്ളം എത്തിക്കാന്‍ കഴിയും? കൂട്ടുകാരുമായി ഒരു മത്സരം. ധരിച്ചിട്ടുള്ള ഉടുപ്പ് നനഞ്ഞാലും കാര്യമില്ല എന്ന മട്ടില്‍. അത് കാണാനിടയാകുന്ന മുതിര്‍ന്നവര്‍ ഗുണദോഷിക്കും. അങ്ങനെ ചെയ്യാന്‍ പാടില്ല. ഉടുപ്പില്‍ ചെളി പറ്റും. ആകെ നനയും. നനഞ്ഞ ഉടുപ്പ് ധരിച്ച് കുറേ നേരമിരുന്നാല്‍ പനി പിടിക്കും. തല നനഞ്ഞാല്‍ ജലദോഷമുണ്ടാകും. കഫക്കെട്ടും ചുമയും. ഇങ്ങനെ പറയുന്നതൊന്നും വകവെക്കുകയില്ല. ഉപദേശിക്കുന്നതും ശാസിക്കുന്നതുമൊന്നും ഇഷ്ടപ്പെടുകയില്ല, കുട്ടികള്‍ക്ക്.
പക്ഷെ, ഒടുവില്‍ സംഭവിക്കുന്നതെന്ത്? അനിവാര്യമായ ഭവിഷ്യത്ത് അനുഭവിക്കുക. ചെളി കെട്ടിക്കിടക്കുന്ന വെള്ളക്കുഴിയിലല്ലേ കളിച്ചത്. കാല്‍വിരലുകള്‍ക്കിടയില്‍ ചെളി കയറും; നഖങ്ങള്‍ക്കിടയിലും. തേച്ചു കഴുകിയാലും അത് അശേഷം പോകാതെ പറ്റിക്കിടക്കും. ‘കുഴിനഖം’ എന്ന് പറയുന്ന പഴുപ്പു ബാധയ്ക്ക് കാരണമാകും. നിസ്സാരമല്ല ഇത്. പെട്ടന്ന് ഭേദമാകുന്നതുമല്ല. ആജീവനാന്തം ഒഴിയാബാധ. ശസ്ത്രക്രിയ നടത്തി നഖം നീക്കം ചെയ്യേണ്ടി വരും. സൂക്ഷിച്ചില്ലെങ്കില്‍ പഴുപ്പ് നിശ്ശേഷം മാറിയില്ലെങ്കില്‍ പിന്നെയും അലട്ടും. ഇതിനെല്ലാം ആദികാരണം ചെളിവെള്ളത്തിലെ കളിയല്ലേ?
ഒരു മറു ചോദ്യമുണ്ടാകാം: റോഡ് നന്നാക്കാതിരുന്നത് കൊണ്ടല്ലേ വെള്ളക്കുഴികളുണ്ടായത്? ശരിയാണ്. എന്നാല്‍ അത് ഒഴിവാക്കി നടക്കാമായിരുന്നില്ലേ? വേറെ മാര്‍ഗമുണ്ടായിട്ടും ആപത്തില്‍ ചാടുക. കുട്ടികള്‍ അറിയുന്നില്ല അതിന്റെ ഭവിഷ്യത്ത്. ചെളി ചവിട്ടാനിടയായാല്‍ എത്രയും വേഗം അത് നല്ല വെള്ളത്തില്‍ കഴുകിക്കളയണം. തുടയ്ക്കണം. വീട്ടിലെത്തിയാല്‍ സോപ്പിട്ട് ഉരച്ച് കഴുകണം. ഇളം ചൂടുള്ള വെള്ളത്തില്‍ കുറച്ചു സമയം കാലുകള്‍ താഴ്ത്തി വയ്ക്കുക. ആ വെള്ളത്തില്‍ കല്ലുപ്പ് ഇട്ടാല്‍ നന്ന്. നന്നായി തുടയ്ക്കണം.
ഇനി മറ്റൊരു കാര്യം:
പാതയോരത്തുള്ള മരങ്ങളില്‍ നിന്നും ചിലപ്പോള്‍ പഴങ്ങള്‍ പൊഴിയും. അത് കുട്ടികള്‍ പെറുക്കിയെടുക്കും-മാങ്ങ, അമ്പഴങ്ങ, സപ്പോട്ട-എന്തുമാവട്ടെ. കൈ നേരേ വായിലേക്ക്. പഴത്തില്‍ പറ്റിപ്പിടിച്ച പൊടിയും ചെളിയും മറ്റും കഴുകിക്കളയാതെ കടിച്ചാല്‍? ആദ്യം തൊണ്ട വഴി കടക്കുന്നത് നിലത്തെ ചളിയായിരിക്കും. ഏതെങ്കിലും ജീവികള്‍-അണ്ണാനോ, കാക്കയോ, വവ്വാലോ-കരണ്ട പഴമായിരിക്കും വീണു കിടക്കുന്നത്. അതെടുത്ത് കടിച്ചാല്‍-തിന്നണമെന്നില്ല, കടിച്ച് തുപ്പിയാല്‍ പോലും-മാരകരോഗസംക്രമണം ഉണ്ടാകാം. നിസ്സാരമല്ല അതിന്റെ അനന്തരഫലം. അതെല്ലാം ‘ദൂരത: പരിവര്‍ജ്ജയേത്’-ദൂരെ ഉപേക്ഷിക്കണം-വലിച്ചെറിയണം എന്ന് ഉപദേശിക്കണം.
‘ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം’…എന്ന ഹൃദയഹാരിയായ ഗാനത്തില്‍ പറയുന്നുണ്ടല്ലോ പച്ചമാങ്ങ കടിച്ചു തിന്ന കാര്യം. അത് അന്ന്; പഴങ്കഥ. ഇന്ന് കഥ മാറി. കാലം മാറിയില്ലേ. വീണു കിടക്കുന്ന പഴങ്ങള്‍-അത് ഏതായാലും-അവിടെത്തന്നെ കിടന്നു കൊള്ളട്ടെ. എടുക്കാനും കടിക്കാനുമൊന്നും പോകേണ്ട. അത്യാര്‍ത്തിക്ക് കടിഞ്ഞാണിടണം.
പാതയ്ക്കിരുവശത്തുമുള്ള കടകളില്‍ നീളെ തൂങ്ങുന്നുണ്ടാകും നാനാവര്‍ണ്ണ പായ്ക്കറ്റുകള്‍: തോരണം തൂക്കിയതു പോലെ. കണ്ണാടി ഭരണികളിലുമുണ്ടാകും തിളക്കമാര്‍ന്ന പലതും. അങ്ങോട്ടു നോക്കുകയേ വേണ്ട. പെട്ടിക്കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും, പ്രലോഭിപ്പിക്കാന്‍. നമുക്കു വേണ്ടത് വീട്ടിലുണ്ടാക്കിയ പലഹാരങ്ങള്‍ മാത്രം. കുട്ടികള്‍ ഉറപ്പാക്കണം.
കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ചെന്നു ചാടുന്ന മറ്റൊരാപത്ത്-‘സെല്‍ഫി’. കുന്നിന്‍ മുകളിലും പുഴക്കരയിലും മറ്റും ചാഞ്ഞും ചെരിഞ്ഞും നിന്ന് സെല്‍ഫി എടുക്കുക. ചവിട്ടി നില്‍ക്കുന്ന മണ്ണ് ഇടിഞ്ഞാല്‍…എത്രയോ വാര്‍ത്തകള്‍ കാണാറുണ്ട്. കൂട്ടുകാരുടെ വീട്ടില്‍ പോയാല്‍ ഉടനെ പോകും അടുത്തുള്ള കുന്നിന്‍ മുകളിലേക്ക്; പുഴക്കരയിലേക്ക്. അതുമല്ലെങ്കില്‍ പുരപ്പുറത്ത് വലിഞ്ഞു കയറും. സെല്‍ഫി.
സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ ഇനി ‘കോപരഹിതമേഖല’യാകും! ആക്കും’ -പത്രവാര്‍ത്ത. (മാതൃഭൂമി 28.12.2024) പ്രവേശന കവാടത്തിനടുത്ത് വലിയൊരു ബോര്‍ഡ് സ്ഥാപിക്കും. ഇത് കോപരഹിത മേഖല’. കുറേ ഉപദേശങ്ങളും: ‘കാണുമ്പോള്‍ പുഞ്ചിരിക്കുക; സെല്‍ഫോണില്‍ നോക്കി ഇരിക്കുന്നത് (നടക്കുന്നതോ?)ഒഴിവാക്കുക. ശ്വസനവ്യായാമം ശീലിക്കുക’. എല്ലാം നല്ലത്, ബോര്‍ഡില്‍ കാണുന്നത് ‘ഉള്ളില്‍’ക്കയറിയാല്‍ മാത്രം.
‘കോപമല്ലോ യമനായത് നിര്‍ണ്ണയം
കോപം പരിത്യജിക്കേണം ബുധജനം’