അബുദബി: റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് അധികൃതര്‍. ഈ കാലയളവില്‍ റസിഡന്‍സ് വിസാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ ഒഴിവാക്കി നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നുമുതല്‍ രണ്ടുമാസത്തേക്കാണ് ഇളവ്. ഈ കാലയളവിനുളളില്‍ പുതിയ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യാം. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിന്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വകുപ്പ് ഗ്രേസ് പിരീഡ് അനുവദിച്ചത്. മതിയായ രേഖകള്‍ ഇല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാനാകും. നിലവില്‍ കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയില്‍ താമസിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ പിഴകളാണ്. കാലാവധി കഴിഞ്ഞ് ആദ്യദിവസം തന്നെ മടങ്ങുകയാണെങ്കില്‍ ഔട്ട് പാസ് ഉള്‍പ്പെടെ 300 ദിര്‍ഹം പിഴ നല്‍കണം. പിന്നീടുള്ള ഓരോ ദിവസം അന്‍പത് ദിര്‍ഹം വീതമാണ് പിഴയായി ഈടാക്കുന്നത്. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഐസിപി അറിയിച്ചു. യുഎഇയിലെ താമസ വിസകളുടെ സാധുത അതിന്റെ തരം, സ്പോണ്‍സര്‍ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടാം. മറ്റൊരാളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള വിസയ്ക്ക് ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കാലാവധിയുണ്ട്. അതേസമയം സ്വയം സ്പോണ്‍സര്‍ ചെയ്യുന്ന വിസയ്ക്ക് അഞ്ചോ പത്തോ വര്‍ഷമാണ് കാലാവധി. വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടുകയോ വിസ പുതുക്കുകയോ ചെയ്യാത്തവര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്നതാണ് നിയമം.