കുമ്പളയിലെ ബാങ്ക് കൊള്ളയടി ശ്രമം; മൂന്നു വിരലടയാളങ്ങള്‍ ലഭിച്ചു, കാവല്‍ക്കാരനെ ചോദ്യം ചെയ്തു

കാസര്‍കോട്: കുമ്പള സഹകരണ ബാങ്കിന്റെ പെര്‍വാഡ് ശാഖ കൊള്ളയടിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശനിയാഴ്ച രാത്രിക്കും ഞായര്‍ പുലര്‍ച്ചെയ്ക്കും ഇടയിലാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം ഉണ്ടായത്. പെര്‍വാഡ് ദേശീയ പാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സമീപത്തെ വെല്‍ഡിംഗ് ഷോപ്പില്‍ നിന്നു മോഷ്ടിച്ച ഇലക്ട്രിക് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ജനല്‍കമ്പി മുറിച്ചു മാറ്റിയാണ് കൊള്ള സംഘം അകത്തുകടന്നത്. കട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി എടുത്തത് ബാങ്കില്‍ നിന്നു തന്നെയായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിക്കാത്തത് പൊലീസിനെ പോലും ആശ്ചര്യപ്പെടുത്തുന്നു. മുളകുപൊടി വിതറിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. ഞായറാഴ്ച വീണ്ടും വരികയായിരുന്നുവോ സംഘത്തിന്റെ ലക്ഷ്യമെന്നു സംശയിക്കുന്നു. വിരലടയാള വിദഗ്ധര്‍ ബാങ്കിനകത്തു നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ മൂന്നു വിരലടയാളങ്ങള്‍ ലഭിച്ചു. ഇവ പരിശോധിച്ചുവരികയാണ്. വിരലടയാളങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നതോടെ കൊള്ള സംഘത്തെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
അതേ സമയം കൊള്ള ശ്രമം നടക്കുന്ന സമയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്കിനോട് ചേര്‍ന്നുള്ള മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. കനത്ത മഴയായിരുന്നുവെന്നും വെറുതെ കിടന്നപ്പോള്‍ ഉറങ്ങിപ്പോയെന്നുമാണ് ഇയാള്‍ നല്‍കിയ മൊഴിയെന്നു പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. ബാങ്കിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ പരിശോധന തിങ്കളാഴ്ച ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page