കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി.
ചോമ്പാല കുഞ്ഞിപ്പള്ളിയിലെ എം.പി.ശരത്(26). വടകര ചോറോട് ഈസ്റ്റ് വെങ്ങേരി മീത്തല്‍ വീട്ടില്‍ പി.സി.നഫ്നാസ്(23), പയ്യോളി കീഴൂരിലെ എലവന്‍മീത്തല്‍ വീട്ടില്‍ ഇ.എം.ഇസ്മായില്‍(21),
വടകര എയ്ത്തല പഴയപുര വളപ്പില്‍ കീരീന്റെ വളപ്പില്‍ പി.വി.മുഹമ്മദ് ഷനില്‍(22) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലീസുമാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പൊലീസ് പിടിച്ചെടുത്തു. റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് ടീം ഏറെ നാളായി ഇവരെ പിന്തുടര്‍ന്നുവരികയായിരുന്നു. കാറിന്റെ ഹാന്റ് ബ്രേക്ക് ലിവറിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിലാണ് 30,000 രൂപ വിലവരുന്ന 11.507 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ശനിയാഴ്ച രാത്രി 10.30 ന് മന്നയില്‍ സയ്യിദ് നഗര്‍-അള്ളാംകുളം റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.