പോലീസുദ്യോഗസ്ഥനെന്ന വ്യാജേന ഒരേസമയം അഞ്ച് യുവതികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി സത്യജിത് സമാല്‍(34) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹം ചെയ്ത രണ്ട് യുവതികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവാഹ വീരന്റെ തട്ടിപ്പ് പറത്തുവന്നു. ആറാമതായി വനിതാ പൊലീസ് ഓഫീസറെ വിവാഹം കഴിക്കാന്‍ ഭുവനേശ്വറില്‍ എത്തിയ ഉടന്‍ സമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഒരു കാര്‍, ബൈക്ക്, 2.10 ലക്ഷം രൂപ, ഒരു പിസ്റ്റള്‍, വെടിമരുന്ന്, രണ്ട് വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ രണ്ട് പേര്‍ ഒഡീഷയില്‍ നിന്നുള്ള വരും ഒരാള്‍ വീതം കോല്‍ക്കത്തയിലും ഡല്‍ഹിയിലും നിന്നുള്ളവരുമാണ്. അഞ്ചാമത്തെ സ്ത്രീയുടെ വിശദാംശങ്ങള്‍ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിധവകളെയും വിവാഹമോചിതരെയുമാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്.
ഇതിന് പുറമെ രണ്ട് വിവാഹ നിശ്ചയ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവതികളുടെ പക്കല്‍ നിന്നും ഇയാള്‍ പണവും സ്വര്‍ണവും കൈക്കലാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ 49 സ്ത്രീകളുമായുള്ള സമ്പര്‍ക്കവും കണ്ടെത്തി. പ്രതിയെ റിമാന്റുചെയ്തു.
