മഞ്ചേശ്വരം: വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ നാടിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കെ അത്തരം ദുരനുഭവങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാഫിയ- ഉദ്യോഗസ്ഥ സംഘം മാടിവിളിക്കുന്നുവെന്ന് ആക്ഷേപം രൂക്ഷമാവുന്നു.
സംസ്ഥാനത്തിന്റെ അതിര്‍ത്തി പഞ്ചായത്തായ വൊര്‍ക്കാടിയിലെ സൊഡങ്കൂര്‍ മലമുകളിലെ കണ്ടത്തട്ടില്‍ ചെങ്കല്‍ മാഫിയ വ്യാപകമായി ചെങ്കല്ലു മുറിക്കുകയും ചെങ്കല്ലും മണ്ണും കടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ ഭീതിയോടെ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രകൃതി വിരുദ്ധ നിയമ വിരുദ്ധ നടപടികള്‍ തടയുന്നതിനു നിയോഗിതരായ ജിയോളജി, റവന്യു കാര്യസ്ഥന്മാരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. കല്ലുമുറിക്കുന്നതിനും മണ്ണു കടത്തുന്നതിനും പിന്നില്‍ എന്തിനും പോന്ന മാഫിയകളായതു കൊണ്ടു അവരെപ്പേടിച്ചു പരസ്യമായ പ്രതിഷേധത്തിനു നാട്ടുകാര്‍ ഭയക്കുകയാണ്. മലമുകളില്‍ രൂപപ്പെട്ടിരിക്കുന്ന വന്‍ കുഴികളില്‍ മഴവെള്ളം നിറഞ്ഞു കിടക്കുകയാണ്. ഈ മലയുടെ ചരിവിലാണ് റോഡില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്. മഴ ശക്തമായാല്‍ ഉരുള്‍പൊട്ടലിനു ഇടയായിക്കൂടെന്നില്ലെന്നു നാട്ടുകാര്‍ മുന്നറിയിക്കുന്നുണ്ട്. അല്ലെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ മഹാദുരന്തം സംഭവിച്ചേക്കുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.