കാസര്‍കോട്: 2000 ജൂലായ് 30 കര്‍ക്കിടകവാവു ദിവസം രാത്രിയാണ് പനയാല്‍ സഹകരണ ബാങ്ക് വാച്ചുമാന്‍ അരവത്തെ എം വിനോദ് കുമാര്‍ (28) കൊല്ലപ്പെട്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബാങ്കില്‍ കവര്‍ച്ച നടത്താന്‍ എത്തിയ സംഘമാണ് വിനോദിനെ കൊലപ്പെടുത്തി ബാങ്കില്‍ നിന്നു കിലോമീറ്റര്‍ അകലെയുള്ള പെരിയാട്ടടുക്കം ദേശീയപാതയോരത്ത് മൃതദേഹം തള്ളിയത്. നാടിനെ നടുക്കിയ കൊലപാതകത്തെ കുറിച്ചും കവര്‍ച്ചയെക്കുറിച്ചും ലോക്കല്‍ പൊലീസ് മുതല്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സി ബി ഐ വരെ അന്വേഷിച്ചുവെങ്കിലും കൊലയാളികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സി ബി ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എങ്കിലും മകന്റെ കൊലയാളികളെ കണ്ണടയും മുമ്പ് കണ്ടെത്താനാകുമെന്നാണ് മാതാവ് പാറു അമ്മ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.
കുമ്പള സഹകരണ ബാങ്കിന്റെ പെര്‍വാഡ് ശാഖയില്‍ കവര്‍ച്ച നടന്ന ശനിയാഴ്ചയും കര്‍ക്കിടക വാവായിരുന്നു. ഹൈന്ദവ മത വിശ്വാസികളുടെ പ്രധാന ദിവസമായ കര്‍ക്കിടകം 18, അതേ ദിവസമായതും യാദൃശ്ചികം.
കനത്ത മഴ തുടരുന്നതും ശനിയാഴ്ച തന്നെ കര്‍ക്കിടക വാവു വന്നതും കണക്കിലെടുത്തു വന്‍ കവര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരുന്നതിനിടയിലാണ് കുമ്പളയില്‍ ബാങ്ക് കൊള്ളശ്രമം ഉണ്ടായത്. ബദിയഡുക്ക, നീലേശ്വരം എന്നിവിടങ്ങളിലും കര്‍ക്കിടക വാവു ദിവസം കവര്‍ച്ച നടന്നു.
