അയോധ്യയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയുടെ ബേക്കറി ശനിയാഴ്ച ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഭദ്രാസയിലെ സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകനായ മൊയ്ദ് ഖാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബേക്കറി. മൊയ്ദും രാജുവും രണ്ട് മാസം മുമ്പ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇത് ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് പ്രതികൾ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും പീഡനം തുടരുകയുമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇരയുടെ അമ്മയെ കണ്ട് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കനത്ത പോലീസ് നിരീക്ഷണത്തിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം തകർത്തത്. കേസുമായി ബന്ധപ്പെട്ട് മൊയ്ദ് ഖാനെയും അദ്ദേഹത്തിന്റെ ജീവനക്കാരനായ രാജു ഖാനെയും ജൂലൈ 30 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.







