കാസര്‍കോട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ വീട് വാഗ്ദാനം ചെയ്ത് സിനിമാ- നാടക നടന്‍ കൂക്കള്‍ രാഘവന്‍. രണ്ടു കിടപ്പുമുറികളും മറ്റു എല്ലാവിധ സൗകര്യങ്ങളും ഉള്ള വീട്ടില്‍ എത്രകാലം വേണമെങ്കിലും താമസിക്കാന്‍ നല്‍കാമെന്ന് കൂക്കള്‍ രാഘവന്‍ പറഞ്ഞു. സ്ഥിരമായിട്ടോ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതു വരേയോ വീട് സൗജന്യമായി നല്‍കാന്‍ തയ്യാറാണ്- പനത്തടി സ്വദേശിയായ കൂക്കള്‍ രാഘവന്‍ പറഞ്ഞു. താനും കുടുംബവും താമസിച്ചിരുന്ന വീടാണ്. തങ്ങള്‍ തൊട്ടടുത്ത് മറ്റൊരു വീടു വച്ചതിനാല്‍ ഒഴിഞ്ഞു കിടക്കുകയാണ്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാമെന്ന് കൂക്കള്‍ രാഘവന്‍ പറഞ്ഞു. ഫോണ്‍:
9847792152.
