കണ്ണൂർ: രാത്രിയിൽ മദ്യശാല നിന്നും പുറത്തേക്കിറങ്ങിയ യുവാവിനെ പിൻതുടർന്ന് കഴുത്തിൽ നിന്നും ഒന്നേകാൽ പവന്റെ മാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മയ്യിൽ കണ്ണാടിപ്പറമ്പിലെ കെ.ഷമീഷ് (24), പറശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്തെ കെ.ബൈജു (41), മയ്യിൽ പെരുവങ്ങൂരിലെ ചെറുമ്മൽ പുതിയപുരയിൽ റഫീഖ് (37) എന്നിവരെയാണ് വളപട്ടണം സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ ടി എം വിപിൻ, എ എസ് ഐ ഷാജി എന്നിവർ ചേർന്ന് പിടികൂടിയത് . കഴിഞ്ഞ ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപത്തെ ഇ.പ്രശാന്തിന്റെ (48)ഒന്നേകാൽ പവൻ്റെ മാലയാണ് പ്രതികൾ കവർന്നത്. പുതിയ തെരുവിലെ ബാറിൽ നിന്നും പുറത്തേക്കിറങ്ങി തൊട്ടടുത്ത സൂപ്പർ മാർക്കറ്റിലേക്ക് നടന്നു പോകുന്നതിനിടെയാണ് സ്വർണ്ണമാല പിടിച്ചു പറിച്ച് സംഘം രക്ഷപ്പെട്ടത്. തുടർന്ന് പ്രശാന്ത് അപ്പോൾ തന്നെ വളപട്ടണം പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണത്തിനിടെ പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു.