കാസര്‍കോട്: സംസ്ഥാന അതിര്‍ത്തിയായ വൊര്‍ക്കാടിയില്‍ റോഡില്‍ അഗാധ താഴ്ചയില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടു. ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്നാണ് ഒരു ഫര്‍ലോംഗിലേറെ നീളത്തില്‍ റോഡിന് കുറുകെയും സൈഡിലായും വിളളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിനിയാന്നുമുതലാണ് വിള്ളല്‍ കണ്ടുതുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ വില്ലേജ് ഓഫീസറെ വിവരം അറിയിച്ചു. വില്ലേജ് ഓഫീസര്‍ വന്നു വിള്ളല്‍ കണ്ടു ആകാശത്തുനോക്കി നെഞ്ചത്ത് കൈവച്ചശേഷം മടങ്ങിപ്പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പോകുന്നതിന് മുമ്പ് തഹസില്‍ദാര്‍ക്ക് വിവരം നല്‍കുമെന്ന ഉറപ്പും കൊടുത്തു. എന്നാല്‍ അതിന് ശേഷം രണ്ടുദിവസം കഴിഞ്ഞിട്ടും വില്ലേജ് ഓഫീസറെയോ തഹസില്‍ദാറെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതിനിടെ വെള്ളിയാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി സ്ഥലം സന്ദര്‍ശിച്ചു. അടുത്തുള്ള രണ്ടുവീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വൊര്‍ക്കാടി പഞ്ചായത്ത് ഏഴാം വാര്‍ഡായ കജപദവില്‍ ബജിലാടി ക്ഷേത്രത്തിനടുത്തേക്ക് പോകുന്ന റോഡിലാണ് വിള്ളല്‍ രൂക്ഷമായികൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചു. മലയിടിഞ്ഞാല്‍ താഴെയുള്ള വീട്ടുകാര്‍ക്കും കൃഷിത്തോട്ടങ്ങള്‍ക്കും വലിയ നാശമുണ്ടാവുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. അതിനിടെ കത്രകോടി എന്നസ്ഥലത്ത് നിര്‍മാണത്തിലിരുന്ന വീടിന് മുകളില്‍ കുന്നിടിഞ്ഞ് വീണതായും പരാതിയുണ്ട്.