ആഗ്ര: മരിച്ചുവെന്നു കരുതി അക്രമികള്‍ ജീവനോടെ കുഴിച്ചിട്ട യുവാവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു.
ആഗ്ര അര്‍ട്ടോണിയിലെ രൂപ്കിഷോറിനെയാണ് തെരുവുനായ്ക്കള്‍ രക്ഷിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വസ്തു സംബന്ധിച്ച തര്‍ക്കത്തില്‍ നാലുപേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നു രൂപ് കിഷോര്‍ പരാതിപ്പെട്ടു. മര്‍ദ്ദിച്ച് അവശനിലയിലാക്കിയ ശേഷം അക്രമികള്‍ കഴുത്തുഞെരിച്ചു. ഇതിനിടയില്‍ ബോധം കെട്ടു നിലത്തുവീണ താന്‍ മരിച്ചുവെന്നു കരുതി തൊട്ടടുത്ത് അക്രമി സംഘം കുഴിച്ചിട്ടു.
പിന്നീടെപ്പോഴോ എത്തിയ തെരുവുനായ്ക്കള്‍ മണ്ണുമാന്തി തന്നെ കടിച്ചുതിന്നാന്‍ ശ്രമിക്കുകയായിരുന്നു. നായ്ക്കള്‍ മാംസവും കടിച്ചുപറിച്ചു. അതോടെ ബോധം തിരിച്ചു കിട്ടിയ താന്‍ നായ്ക്കളെ ആട്ടിയോടിച്ചു. അതിനുശേഷം നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചു. അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അവര്‍ക്ക് വേണ്ടി തിരച്ചിലാരംഭിച്ചു.
