പുത്തിഗെ: ശക്തമായ മഴയില്‍ കന്തലിലെ കന്തലായം ഗുര്‍മ്മിനടുക്ക കനാല്‍ തകര്‍ന്നു വന്‍ നാശം നേരിട്ടു.
തകര്‍ന്ന കനാലില്‍ നിന്നുണ്ടായ കുത്തൊഴുക്കില്‍ കവുങ്ങുകള്‍ കടപുഴകി വീഴുകയും കവുങ്ങിന്‍ തോട്ടങ്ങളില്‍ ഒരാള്‍ ഉയരത്തില്‍ മണ്ണുനിറയുകയും ചെയ്തു. ഇതു മൂലം കുലയ്ക്കാറായ കവുങ്ങുകള്‍ മണ്ണിനടിയിലായിട്ടുണ്ട്.
ഷിറിയ, അണക്കെട്ടില്‍ നിന്നു കാര്‍ഷികാവശ്യത്തിനു വെള്ളമെത്തിക്കാന്‍ അംഗഡിമുഗര്‍ വരെ നിര്‍മ്മിച്ച കനാലാണ് തകര്‍ന്നത്. കന്തല്‍ എ.എല്‍.പി സ്‌കൂള്‍, ജുമാമസ്ജിദ്, കോടി, മദക്കമൂല നടപ്പാതകള്‍ എന്നിവ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇവിടങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കനാല്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും കര്‍ഷകര്‍ക്ക് അടിയന്തരാശ്വാസമനുവദിക്കണമെന്നും കേരള ജമാഅത്ത് ഭാരവാഹികളായ സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, കന്തല്‍ സൂപ്പി മദനി അധികൃതരോടാവശ്യപ്പെട്ടു. അടിക്കനാലില്‍ നിറഞ്ഞ മാലിന്യം ഷിറിയ കനാലിലേക്കു മറിഞ്ഞതാണ് അപകട കാരണമെന്നും ഇറിഗേഷന്‍ വിഭാഗത്തിന്റെ കുറ്റകരമായ അനാസ്ഥയും അപകടകാരണമാണെന്നും അവര്‍ ആരോപിച്ചു.
