കര്‍ക്കിടക മാസത്തില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരി തെയ്യങ്ങള്‍ ഉറഞ്ഞാടി.
മാടായി കാവില്‍ നിന്നും കുറച്ച് ദൂരെയാണ് മുടിയും മുഖപ്പാളയും ധരിച്ച് മാരിതെയ്യങ്ങള്‍ ഉറഞ്ഞാടുന്ന സ്ഥലം. മാരിപ്പാട്ടിന്റെ താളത്തില്‍ നാട്ടുകൂട്ടത്തിന് നടുവിലാണ് തെയ്യങ്ങള്‍ ഉറഞ്ഞാടിയത്. വടക്കെ മലബാറിലെ പേരുകേട്ട കാവുകളിലൊന്നാണ് മാടായി തിരുവര്‍ക്കാട് ഭഗവതി ക്ഷേത്രം. നാട്ടില്‍ ബാധിച്ച ശനിയും കര്‍ക്കടക ദീനങ്ങളും മാരിപ്പനികളും മാറ്റുന്നതിനായി നാട് ചുറ്റി ശനി ഒഴിപ്പിക്കുന്നവരാണ് മാരിതെയ്യങ്ങള്‍. മാരിതെയ്യം, മാമാരി തെയ്യും, മാരികലച്ചി, മാമാച്ചി കലച്ചി, മാരിഗുളികന്‍ തുടങ്ങിയവയാണ് മാരിതെയ്യങ്ങള്‍. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മാരിതെയ്യങ്ങള്‍ ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാട്ടൂലിലെ വിവിധ പ്രദേശങ്ങളിലെ വരവേല്‍പ്പുകള്‍ സ്വീകരിക്കും. തെയ്യകോലങ്ങള്‍ നാട്ടില്‍ ചുറ്റി സഞ്ചരിച്ചു ദുരിതങ്ങളെ ആവഹിച്ച് ഉറഞ്ഞ് തുള്ളി കടലില്‍ ശനിയെ ഒഴുക്കുന്നതോടെ മാരി തെയ്യത്തിന് നാളെ സമാപനമാകും. അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം മാടായിക്കാവിലേക്ക് നിരവധി വിശ്വാസികളാണ് എത്തുന്നത്.
