മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും ആത്മീയ നേതാവുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം. 2009 ആഗസ്ത് ഒന്നിനാണ് ജനനായകന്‍ ജീവിതത്തോട് വിട പറഞ്ഞത്. ജീവിച്ചിരുന്ന കാലത്ത് സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. അത് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതൃത്വവും അദ്ദേഹത്തിനു സ്മാരകങ്ങള്‍ നിര്‍മ്മിച്ചത്. ബൈത്തുറഹ്്മകള്‍ അഥവാ കാരുണ്യഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു സ്മാരകങ്ങള്‍ തീര്‍ത്തത്. ഇതിനകം പതിനായിരത്തിലധികം കാരുണ്യഭവനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് കണക്ക്. തങ്ങളുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ 150 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ വീടുകളുടെ എണ്ണം 150ല്‍ നിര്‍ത്തേണ്ടതില്ലെന്നും കാരുണ്യ പ്രവര്‍ത്തനം തുടരാമെന്നുമുള്ള നിര്‍ദ്ദേശമാണ് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുന്നോട്ടുവച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 14 ജില്ലകളിലും പാണക്കാട് തങ്ങളുടെ പേരില്‍ കാരുണ്യഭവനങ്ങള്‍ ഉയര്‍ന്നു. കേരളത്തിനു പുറമെ തമിഴ്നാട്ടിലും ഹൈദരാബാദിലും ഉത്തര്‍പ്രദേശിലും തങ്ങളുടെ പേരില്‍ കാരുണ്യ ഭവനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ പേരില്‍ ഓരോ കാരുണ്യഭവനം ഉയരുമ്പോഴും മാനദണ്ഡം അര്‍ഹത മാത്രമാണ്. അക്കാര്യത്തില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും പരിഗണിക്കപ്പെടുന്നേയില്ലെന്നതും ശ്രദ്ധേയമാണ്. കാരുണ്യഭവനങ്ങളുടെ പേരില്‍, ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന നേതാവാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍.