കണ്ണൂര്‍: രാത്രി കാലങ്ങളില്‍ വഴിയാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ സംഘം അറസ്റ്റില്‍. കൂത്തുപറമ്പ്, കൈതേരിയിലെ കെ.കെ റിനാസ് (26), കാര്യാട്ടുപുറം, പാറമ്മേല്‍ നസീഫ് (28), കൂത്തുപറമ്പ്, മൂര്യാട് സ്വദേശികളായ ശ്രീരാഗത്തില്‍ വിവേക് (29), പാറമ്മേല്‍ ഫൈസല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗ്‌ളൂരുവില്‍ വച്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
രാത്രി കാലങ്ങളില്‍ റോഡരുകുകളില്‍ തമ്പടിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. വഴി യാത്രക്കാരെയും തനിച്ച് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെയും തട്ടിക്കൊണ്ടുപോയി വാഹനം ഉള്‍പ്പെടെ കവര്‍ച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി.
മെയ് 25ന് രാത്രി 12 മണിയോടെ എരഞ്ഞോളിപ്പാലത്ത് വച്ച് കണ്ണവം, മാനന്തേരിയിലെ സഹീല മന്‍സിലില്‍ മിദ്‌ലാജിനെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസിന്റെ അന്വേഷണമാണ് കൊള്ള സംഘത്തെ തിരിച്ചറിയാന്‍ ഇടയാക്കിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മിദ്‌ലാജ്. ബൈക്കടക്കം തട്ടിക്കൊണ്ടു പോയ സംഘം മിദ്‌ലാജിനെ കൊള്ളയടിക്കുകയായിരുന്നു. ഈ കേസില്‍ പ്രതികളായ മുഹമ്മദ്, റഷീദ് എന്നിവര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് കൊള്ള സംഘത്തിലെ മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. ഇവരുടെ അറസ്റ്റോടെ മറ്റു പ്രതികള്‍ ബംഗ്‌ളൂരുവിലേക്ക് കടക്കുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ പോലും ഉപയോഗിക്കാതെയാണ് സംഘം ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ റിനാസ് നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.







