കാസര്‍കോട്: ഒഴുകിയെത്തിയ തേങ്ങ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ മധ്യവയസ്‌കന്‍ ഒഴുകിപ്പോയി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഞ്ചത്തടുക്കയിലെ സീതാരാമ (52)യാണ് അപകടത്തില്‍പെട്ടത്. സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്.
ബുധനാഴ്ച വൈകുന്നേരം പൊലീസ് സ്റ്റേഷനില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടിലാണ് അപകടം. പുല്ലരിയാനാണെന്നു പറഞ്ഞാണ് സീതാരാമ വീട്ടില്‍ നിന്നു ഇറങ്ങിയത്. നേരം ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ട കാര്യം വ്യക്തമായത്. സീതാരാമയുടെ കൈവശം ഉണ്ടാകാറുള്ള കത്തിയും റെയിന്‍കോട്ടും സഞ്ചിയും തോട്ടുവക്കില്‍ കണ്ടെത്തി. തൊട്ടടുത്ത് തന്നെ ഒഴുകി വരുന്ന തേങ്ങ പിടിക്കാന്‍ ഉപയോഗിക്കുന്ന വലയും കാണപ്പെട്ടു. ഇതാണ് തേങ്ങ പിടിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ടിരിക്കാമെന്ന സംശയത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. സീതാരാമ ഒഴുക്കില്‍പ്പെട്ട തോട് ഏല്‍ക്കാന പുഴയിലാണ് ചെന്നു ചേരുന്നത്. കാണാതായ ആളെ കണ്ടെത്താന്‍ ബന്ധുക്കളും നാട്ടുകാരും പൊലീസും തെരച്ചില്‍ തുടരുന്നു. ബദിയഡുക്ക പൊലീസ് കേസെടുത്തു.
