കുമ്പള- ആരിക്കാടി- കളത്തൂര്‍ റൂട്ടില്‍ ബംബ്രാണ മുതല്‍ കട്ടത്തടുക്കവരെയാണ് അപകടകരമായ രീതിയില്‍ മരങ്ങള്‍ റോഡിലേക്കു ചാഞ്ഞു കിടക്കുന്നത്. ഇത്തരത്തില്‍ അപകടകരമായ മരങ്ങള്‍ മറിച്ചു മാറ്റണമെന്നു ഡ്രൈവര്‍മാരും വാഹനമുടമകളും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ അതു വാങ്ങി ചുവപ്പു നാടയില്‍ കെട്ടി മുറുക്കി വച്ചിരിക്കുകയാണെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോക്കു മുകളിലേക്കു കഴിഞ്ഞ ദിവസം ബംബ്രാണയില്‍ വച്ച് ഒരു മരം വീണു. ഇബ്രാഹിം കൊടിയമ്മയുടെ ഓട്ടോക്കു മുകളിലേക്കു മറിഞ്ഞ മരം വൈദ്യുതി കമ്പിയില്‍ തട്ടി നിന്നതുകൊണ്ടു തലനാരിഴക്കു അപകടത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. പക്ഷേ, നാട്ടില്‍ വൈദ്യുതി വിതരണം അല്‍പ്പനേരത്തേക്കു നിലച്ചു. വൈദ്യുതി വിഭാഗത്തിനും നേരിയ നഷ്ടമുണ്ടായതായി പറയുന്നു. ആകെ നഷ്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വൈദ്യുതി വിഭാഗം ആ നഷ്ടക്കണക്കില്‍ ഇതു കൂടി എഴുതിവച്ചിട്ടുണ്ടെന്നു പറയുന്നു. ജീവനക്കാരുടെ അലംഭാവത്തിനെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ രൂക്ഷമായ പ്രക്ഷോഭത്തിനു തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് ഡ്രൈവര്‍ മുന്നറിയിച്ചു.