കാസര്‍കോട്: ശക്തമായ ചുഴലിക്കാറ്റില്‍ വീടിന്റെ മേച്ചില്‍ ഓടുകള്‍ തകര്‍ന്നുവീണു. പുറത്തേക്കോടുന്നതിനിടെ വീടിനടുത്തുണ്ടായിരുന്ന കൂറ്റന്‍ മരവും കടപുഴകി വീണു. മാതാവും കുട്ടിയും അല്‍ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച സന്ധ്യയോടെ കുമ്പള ബദരിയ നഗറിലെ ഒരുവീട്ടിലാണ് അപകടം. രോഗബാധിതനായ കുട്ടിയും മാതാവും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഓടുകള്‍ വീഴുന്ന ശബ്ദം കേട്ടതോടെ കുട്ടിയുമായി മാതാവ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. അതിനിടെ വീടിന് സമീപത്തുള്ള കൂറ്റന്‍ മരവും കടപുഴകി വീണു. തലനാരിഴയ്ക്കാണ് മാതാവും കുട്ടിയും രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അധികൃതരും രക്ഷാപ്രവര്‍ത്തനം നടത്തി.