വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിരവധി പേർ മരിച്ചതായി വിവരം. 7 മൃതദേഹങ്ങൾ കണ്ടെടുത്തു. മരണസംഖ്യ ഉയരാനാണ് സാധ്യത. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട് 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് സമീപമുള്ള ചൂരല്‍മലയിലാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. രണ്ടുതവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകളും സ്‌കൂളും തകര്‍ന്നതായാണ് വിവരം. നാനൂറിലധികം പേരാണ് ഒറ്റപ്പെട്ടത്. പുലര്‍ച്ച ഒരുമണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. പിറകെ നാലുമണിയോടെ ചൂരല്‍മല സ്‌കൂളിന് സമീപവും ഉരുള്‍പൊട്ടി.ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തിപ്പെടാനാവാത്ത സ്ഥിതിയിലാണ്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യത്തിന്റെ സഹായം തേടുമെന്നാണ് വിവരം. നിരവധി ആളുകള്‍ വീടിനു മുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനിടയില്‍ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി.20 അംഗ ദുരന്തനിവാരണ സംഘം ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ടി.സിദ്ദിഖ് എംഎല്‍എ അറിയിച്ചു. സൈന്യത്തിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എംഎല്‍എ. സൈന്യത്തിന്റെ സഹായം തേടുമെന്ന് മന്ത്രി ഒ.ആര്‍.കേളുവും. പറഞ്ഞു. രണ്ട് ദുരന്തനിവാരണ സംഘങ്ങളെ കൂടി വയനാട്ടിൽ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.