കാസര്‍കോട്: തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റില്‍ ടര്‍ഫ് തകര്‍ന്നു. ഇരുമ്പു ദണ്ഡുകളും തകരഷീറ്റുകളും റോഡിലേക്ക് വീണതിനാല്‍ മൗവ്വല്‍-പള്ളിക്കര റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. തായല്‍ മൗവ്വലിലെ ടര്‍ഫാണ് തകര്‍ന്നു വീണത്. ടര്‍ഫിന്റെ ഭാഗങ്ങള്‍ വൈദ്യുതി കമ്പികള്‍ക്കു മുകളില്‍ വീണ് തൂണുകളും തകര്‍ന്നു. പകല്‍നേരങ്ങളില്‍ നിരവധി വാഹനങ്ങളും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരും കടന്നു പോകുന്ന റോഡിനു അരികിലാണ് ടര്‍ഫ് സ്ഥാപിച്ചത്. അപകടം പകല്‍നേരത്തായിരുന്നുവെങ്കില്‍ വലിയ ദുരന്തത്തിനു തന്നെ ഇടയാക്കിയേനെയെന്നു നാട്ടുകാര്‍ പറഞ്ഞു.
അതേ സമയം അശാസ്ത്രീയമായാണ് ടര്‍ഫ് നിര്‍മ്മിക്കുന്നതെന്നു കാണിച്ച് നാട്ടുകാര്‍ നേരത്തെ രംഗത്തു വന്നിരുന്നു. റോഡില്‍ നിന്നു മതിയായ ദൂരപരിധി പാലിക്കാതെയുള്ള ടര്‍ഫ് നിര്‍മ്മാണത്തിനു അനുമതി കൊടുക്കരുതെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പള്ളിക്കര പഞ്ചായത്തില്‍ പരാതിയും നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
