കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ ജീവനക്കാരന്‍ ലക്ഷക്കണക്കിനു രൂപയുടെ തിരിമറി നടത്തിയതിനു പഞ്ചായത്തു പ്രസിഡണ്ട് രാജിവക്കണമെന്നു പറയുന്ന ബിജെപിക്കാര്‍ അവര്‍ ഭരിക്കുന്ന മധൂര്‍ പഞ്ചായത്തിലെ ജീവനക്കാരന്‍ എട്ടരലക്ഷം തിരിമറി നടത്തിയപ്പോള്‍ പ്രസിഡണ്ടിനെ കൊണ്ടു രാജി വയ്പിച്ചോ എന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ആരാഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്പളയിലടക്കം ഉണ്ടായ വോട്ടു ചോര്‍ച്ചയുടെ ജാള്യത മറയ്ക്കാനാണു കുമ്പളയില്‍ അവര്‍ ശ്രമിക്കുന്നതെന്നു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം അബ്ബാസ്, മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, ബി.എന്‍ മുഹമ്മദലി, യൂസഫ് ഉളുവാര്‍, ഗഫൂര്‍ എരിയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുമ്പള പഞ്ചായത്ത് ഫണ്ടില്‍ നിന്നു പണം അടിച്ചു മാറ്റിയ അക്കൗണ്ടിനെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അക്കൗണ്ടന്റ് ബി.ജെ.പിക്കാരുടെ ഉറ്റ ചങ്ങാതിയായിരുന്നുവെന്നു ലീഗ് നേതാക്കന്മാര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പല പഞ്ചായത്തിലും ഉദ്യോഗസ്ഥ അഴിമതി നടക്കുന്നുണ്ടെന്നും അതിനെല്ലാം പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ രാജി വച്ചാല്‍ കേരളത്തിലെ പഞ്ചായത്തുകളുടെ അവസ്ഥയെന്താകുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
