കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുന്നിലേക്ക് മരം കടപുഴകി വീണു. മരത്തിന്റെ ചെറിയ ചില്ലകള്‍ ഓട്ടോയില്‍ തട്ടിയെങ്കിലും നാശനഷ്ടമില്ല. മരം വീണതിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്കു താഴ്ന്ന് അപകടഭീഷണി ഉയര്‍ത്തി. ഡ്രൈവര്‍ ഓട്ടോ നിര്‍ത്തി അപായ സൂചന നല്‍കിയതിനാല്‍ മറ്റു വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഒഴിവായി.
ഞായറാഴ്ച രാത്രി 8.30മണിയോടെ ബംബ്രാണ ജംഗ്ഷനിലാണ് സംഭവം. ആരിക്കാടിയിലെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിം കൊടിയമ്മയുടെ ഓട്ടോയുടെ മുന്നിലേക്കാണ് മരം കടപുഴകി വീണത്. ഓട്ടോ റോഡരികിലേക്ക് മാറ്റിയിട്ട് അതുവഴിയെത്തിയ വാഹനങ്ങളെ തടഞ്ഞു നിര്‍ത്തിയാണ് മറ്റു അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കിയത്. തുടര്‍ന്ന് പൊലീസിലും കെ.എസ്.ഇ.ബി.യിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ മരം മുറിച്ചു മാറ്റിയാണ് ആരിക്കാടി-കളത്തൂര്‍ റൂട്ടിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.